ഹേമ കമ്മിററി :ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു

തിരുവനന്തപുരം : മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപത്തിന്റെ പകർപ്പ് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ദേശീയ വനിതാകമ്മീഷൻ കേരള ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി ദേശീയ വനിതാകമ്മിഷനെ സന്ദർശിച്ച് ഇതുസംബന്ധിച്ച നൽകിയ പരാതിയിലാണ് ഈ നടപടി.

റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായും ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 21 പാരഗ്രാഫ് ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നിടത്ത് 130 പാരഗ്രാഫുകളാണ് ഒഴിവാക്കിയത്.

ഇത് സർക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ദേശീയ വനിതാകമ്മീഷൻ ഇടപെട്ടതോടെ സർക്കാർ ഒഴിവാക്കിയിരുന്ന വേണ്ടപ്പെട്ടവരുടെ പേരുകൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

ഹേമാ കമ്മിററി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലിനെത്തുടർന്ന് നടന്മാരായ മുകേഷ്, സിദ്ദിഖ്, മണിയൻപിളള രാജു,ജയസൂര്യ, സംവിധായകരായ രഞ്ജിത്, വി.കെ.പ്രകാശ് തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അതിനിടെ ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെയുള്ള പീഡന പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിട്ടുറ്റ്. മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതാവാണെന്നും തന്റെ കുടുംബജീവിതം പോലും അയാൾ തകർത്തുവെന്നും അവർ പറഞ്ഞു.

ഹൈദരാബാദിലെ ഹോട്ടലിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം.പ്രധാന താരങ്ങൾ ഒഴികെ ചിത്രത്തിലെ എല്ലാ താരങ്ങളും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷൻ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പിൽ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചിരുന്നു. – നടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News