കൊച്ചി: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. കോട്ടയം, എറണാകുളം ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴു ദിവസം സംസ്ഥാനത്ത് അതിതീവ്രമഴ തുടരും. കാലവർഷം രണ്ടുമൂന്നു ദിവസത്തിനകം എത്തിയേക്കും.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ അഞ്ചു പേർ മരിച്ചു. നിരവധി വീടുകൾ താമസയോഗ്യമല്ലാതായി. തിരുവനന്തപുരവും എറണാകുളം നഗരവും മഴപ്പെയ്ത്തിൽ മുങ്ങി.
എറണാകുളം ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടായി. നഗരത്തിലെ റോഡുകൾ പലതും വെള്ളത്തിലായി.കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി- അരൂർ ദേശീയ പാതയിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അധികൃതർ അറിയിച്ചു.ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ മഴമാപിനി രേഖപ്പെടുത്തി.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്ത് നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം.
കാക്കനാട് ഇൻഫോപാർക്കിൽ വെള്ളക്കെട്ട് രൂക്ഷമാണ്.ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു.
തിരുവനതപുരത്ത് രാവിലെ മുതൽ ശക്തമായ മഴയുണ്ട്. വെഞ്ഞാറമൂട് തേമ്പാമൂട് പുല്ലമ്പാറയിൽ വ്യാപക നാശനഷ്ടം പല വീടുകളിലും വെള്ളം കയറി. നാവായിക്കുളം മമ്മൂല്ലി പാലത്തിനു സമീപം ഒറ്റപ്പെട്ടുപോയ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ചിറയിൻകീഴ് പാലവിള ഗവൺമെന്റ് യുപി സ്‌കൂളിന്റെ മതിൽ ഇടിഞ്ഞ് വീണു. സ്‌കൂൾ തുറന്നിട്ടാല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
മഴ ശക്തമായതിനാൽ പാപനാശം ബലിമണ്ഡപത്തിൽ ബലിതർപ്പണം തുടരുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അപകടാവസ്ഥ കണക്കിലെടുത്ത് താത്ക്കാലികമായി തർപ്പണം നിർത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും തർപ്പണം തുടരുകയാണ്.
പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് ഏലയിലും വെള്ളം കയറി. നെയ്യാർ കനാലും നിറഞ്ഞെഴുകുകയാണ്. ആനകോട് ഏലയിൽ നിന്നും പൂവച്ചൽ വരെ മൂന്നര കിലോമീറ്ററിനുള്ളിൽ ഏക്കറുകണക്കിന് കൃഷയിടങ്ങളിൽ വെള്ളം കയറി. ഉദിയന്നൂർ തോട്, പച്ചക്കാട് എന്നിവിടങ്ങളിൽ തോട് കരവിഞ്ഞു. അരുവിക്കര സർക്കാർ ആശുത്രിയുടെ മതിൽ തകർന്നു. ശക്തമായ മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് വരുന്നതുവരെ നിരോധനം തുടരും.
കോട്ടയത്ത് തിങ്കളാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറ്റിലും, മണിമലയാറ്റിലും, മൂവാറ്റുപുഴയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഓട വൃത്തിയാക്കാതിരുന്നതിനെ തുടർന്ന് വൈക്കത്തെ കടകളിൽ വെള്ളം കയറി. മഴ ശക്തായതോടെ വൈക്കം തവണക്കാവ് ജങ്കാർ സർവ്വീസ് നിർത്തി.