മാസപ്പടി ആരോപണം: ഗവർണർ ഇടപെടും ?

 

കൊച്ചി: മുഖ്യമന്ത്രി പിണാറായി വിജയൻ്റെ മകൾ വീണ വിജയനെതിരായ ‘മാസപ്പടി’ ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസ്സിലാക്കുന്നു. ഇത് ​ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്ന കാര്യം പിന്നീട് തീരുമാനിക്കും – അദ്ദേഹം വിശദീകരിച്ചു.

അതേസമയം,രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏത് സേവനത്തിനാണ്‌ പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന്‌ അദ്ദേഹം മറുപടി നൽകിയില്ല. സേവനം എന്താണെന്ന്‌ കമ്പനിയാണ്‌ പറയേണ്ടതെന്നും ഗോവിന്ദൻ വിശദീകരിച്ചു.

രണ്ടു കമ്പനികൾ തമ്മിലുള്ള സത്യസന്ധമായ കരാറാണ്‌. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങൾ നടത്താൻ അവർക്ക്‌ അവകാശമുണ്ട്‌. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന്‌ കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്‌. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്‌. എന്നിട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത്‌ കണക്കിൽപ്പെട്ട പണം തന്നെയാണ്‌.-ഗോവിന്ദൻ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം  പ്രതിപക്ഷവും ബിജെപിയും മാസപ്പടി ചർച്ചയാക്കുന്നതിനിടെയാണ് നടന്നതെല്ലാം നിയമപരമെന്ന സിപിഎം ന്യായീകരണം. ഒരു സേവനവും നൽകാതെ വീണയുടെ കൺസൾട്ടൻസിക്ക് കരിമണൽ കമ്പനി പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്‍റരിം സെറ്റിൽമെന്‍റ്  ബോർഡ് കണ്ടെത്തൽ.

മുഖ്യമന്ത്രിയടക്കം മുൻനിര നേതാക്കൾ കരിമണൽ കമ്പനിയിൽ നിന്ന് 96 കോടി മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.