തിരുവനന്തപുരം: കുടുംബാംഗങ്ങൾ സമാധിയായി എന്ന് അവകാശപ്പെടുന്ന, നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം മനസ്സിലാക്കാനാവൂ.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയെടുക്കും.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്. എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.