തൃശൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 1,630 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പാണ് ഇത് എന്നാണ് കരുതുന്നത് .
ചേര്‍പ്പ് എസ്.ഐ. ശ്രീലാലന്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.
മുന്‍ ഐ.പി.എസ്. ഓഫീസറായ പി.എ. വത്സന്‍ കോടതി മുഖേന നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിൽ ഞെട്ടിക്കുന്ന നിരവധി കണ്ടെത്തലുകളുള്ളത്.
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ മണിചെയിന്‍ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1,63,000 ഉപഭോക്താക്കളില്‍ നിന്നാണ് പണം തട്ടിയത്.
മണി ചെയിന്‍ തട്ടിപ്പ് ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത്. ക്രിപ്റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
സ്ഥാപനത്തിന്റെ എം.ഡി. ചേര്‍പ്പ് സ്വദേശി കെ.ഡി. പ്രതാപനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനിക്ക് കേരളത്തില്‍ 78 ശാഖകളുള്‍പ്പെടെ രാജ്യത്ത് 680 ശാഖകള്‍ ഉണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിപ്‌റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്. വലിയ വരുമാനസ്രോതസെന്നു പ്രചരിപ്പിച്ചിരുന്ന എച്ച്.ആര്‍. ഒ.ടി.ടിയുടെ കാര്യത്തിലും വന്‍തട്ടിപ്പാണ് നടന്നത്. ഒ.ടി.ടിയില്‍ 12,39,169 പേര്‍ അംഗങ്ങളുണ്ടെന്നായിരുന്നു പ്രചാരണം.
എന്നാല്‍ പതിനായിരം പേരാണ് ഒ.ടി.ടി. കണ്ടത്. മൂന്ന് സിനിമകളാണ് റിലീസ് ചെയ്തതെന്നും അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നും കണ്ടെത്തി.
തൃശൂര്‍ കണിമംഗലത്താണ് ഹൈറിച്ച് കമ്പനിയുടെ ആസ്ഥാനം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ചിന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്നാണ് ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാർ വ്യക്തമാക്കുന്നത് .
അതുപോലെ തന്നെ കമ്പനിയുടെയും ഉടമകളുടെയും പേരില്‍ സ്വത്തുവകകളില്ലെന്ന് കണിമംഗലം, വല്ലച്ചിറ വില്ലേജ് ഓഫീസര്‍മാരും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
2019 മുതല്‍ മറ്റൊരാളുടെ സ്ഥാപനത്തില്‍ ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമിലുള്ള ബൈനറി സിസ്റ്റത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റു ഡ്യൂട്ടികളും അന്വേഷണത്തിന് കാലതാമസമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.