കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടന്മാരുറ്റെ രഹസ്യ വീഡിയോകൾ, ലൈംഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ തുടങ്ങിയവ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെങ്കിലും അത് പുറത്ത് വന്നിട്ടില്ല എന്നാണ് സൂചനകൾ.
രഹസ്യ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനായി സ്റ്റെനോഗ്രാഫറെ ഒഴിവാക്കി ജസ്റ്റിസ് ഹേമ തന്നെയാണ് 296 പേജുകളുള്ള റിപ്പോർട്ട് മുഴുവനും ടൈപ്പ് ചെയ്‌തത്. ചില പേജുകൾ പൂർണമായും പുറത്തുവിട്ടിട്ടില്ല.
ഇങ്ങനെ ഒഴിവാക്കിയ പേജുകൾക്ക് പുറമേ റിപ്പോർട്ടിന്റെ അനുബന്ധമായി സിനിമാ മേഖലയിലെ നടിമാരും സാങ്കേതിക പ്രവർത്തകരായ വനിതകളും നൽകിയ മൊഴികൾ അടങ്ങുന്ന 400 പേജ് വരുന്ന ഭാഗവും രഹസ്യമാണിപ്പോൾ.
ലൈംഗിക ആവശ്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതും ക്ഷണിക്കുന്നതുമായ ഉന്നതരുടെ ഉൾപ്പെടെ വാട്‌സാപ്പ് ചാറ്റുകളുടെ വിവരണം, സ്‌ക്രീൻഷോട്ടുകളുടെ പകർപ്പ്, കമ്മിറ്റി രേഖപ്പെടുത്തി ഒപ്പിട്ട് വാങ്ങിയ മൊഴികൾ എന്നിവയാണ് അനുബന്ധത്തിലുള്ളത്.
ചില സ്‌ത്രീകൾ രഹസ്യമായി റെക്കോർഡ് ചെയ്‌ത ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുന്ന പെൻഡ്രൈവുകളും സിഡികളും മറ്റും അനുബന്ധത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് രേഖകളാണ്. നടന്മാരും സംവിധായകരും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഇതിൽ പരാമർശിക്കുന്നതായി പറയുന്നുണ്ട്.
സ്‌ത്രീകൾക്കെതിരെ പുരുഷന്മാരായ ചലച്ചിത്ര പ്രവർത്തകർ നടത്തിയ പരാമർശങ്ങളും മൊഴികളും അനുബന്ധത്തിന്റെ ഭാഗമാണ്. സ്വകാര്യതയെ ബാധിക്കുന്നുവെന്ന പേരിൽ 48,49 എന്നീ ഖണ്ഡികകളും 165 മുതൽ 169 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയതിന് പുറമേ 61 പേജുകളും പല ഭാഗങ്ങളിലായി സാംസ്‌കാരിക വകുപ്പ് നടത്തിയ പരിശോധനയിൽ ഒഴിവാക്കി. വ്യക്തികളുടെ സ്വകാര്യതയും വ്യക്തി സുരക്ഷിതത്വവും മാനിച്ച് ഇവ ഒഴിവാക്കിയതായാണ് പറയുന്നത്.
അനുബന്ധത്തിൽ പറയുന്ന മൊഴികൾ പ്രധാന റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ആവർത്തിക്കുന്നതും ഇങ്ങനെ ഒഴിവാക്കിയതിൽ ഉൾപ്പെടുന്നു. ഡബ്യൂ.സി.സിയുടെ നിവേദനത്തെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത് എന്ന് പറയുന്ന തുടക്കഭാഗത്ത് തന്നെ ചില ഒഴിവാക്കലുകൾ നടന്നിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഡബ്യു.സി.സിയുടെ നിവേദനത്തിൽ പറയുന്ന കാര്യങ്ങളാണ് ഇത്.
അതേസമയം, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സാംസ്ക്കാരിക
മന്ത്രി സജി ചെറിയാൻ അറിയിച്ചു. റിപ്പോർട്ടിൽ ഉള്ളത് 24 നിർദേശങ്ങളാണ്.എല്ലാ സംഘടനകളുമായും സംസാരിച്ചു. അതിന്‍റെ തുടർച്ചയാണ് നവംബറിൽ നടക്കുന്ന കോൺക്ലെവ്. തുടർ നടപടി നിയമപരമായി പരിശോധിക്കുമെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കും.
കോടതിയുടെ പരിഗണനയിൽ ഉള്ള റിപ്പോർട്ടാണ്. പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളിൽ നടപടി എടുക്കേണ്ടതുണ്ടെങ്കിൽ കോടതി പറയട്ടെ. സർക്കാരിന് മുന്നിലേക്ക് എന്തെങ്കിലും വന്നാൽ കർശന നടപടി ഉണ്ടാകും. ഒരു വിട്ടു വീഴ്ചയും സർക്കാർ ചെയ്യില്ല.
ഇപ്പോൾ വന്ന റിപ്പോർട്ടിൽ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. നിയമ രംഗത്തെ പ്രമുഖരുമായി സംസാരിച്ച് ഭാവിയിൽ എന്ത് ചെയ്യണമെന്ന് ധാരണ ഉണ്ടാക്കും. ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങൾക്ക് മുന്നിൽ പരാതി വന്നിട്ടില്ല. പരാതികൾ പരിഗണിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു