പനിക്കിടക്കയിൽ കേരളം: മരണം 31

കൊച്ചി : പകര്‍ച്ചവ്യാധികളുടെ പെരുമഴക്കാലമെത്തി. രണ്ടാഴ്ചക്കിടെ വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് 31 പേര്‍ മരിച്ചു.

ആറുമാസത്തിനിടെ 47 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ജപ്പാന്‍ ജ്വരം കവര്‍ന്നത് 7 ജീവനുകള്‍. 14 ദിവസത്തിനിടെ 77 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7 മരണം സ്ഥിരീകരിച്ചു.

ദിവസവും 50 ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1323 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്.

മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്. 6 പേര്‍ മരിച്ചു. 18422 പേരാണ് വയറിളക്ക രോഗങ്ങള്‍ ബാധിച്ച് ചികില്‍സയ്ക്കെത്തിയത്.

37 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും 21 പേര്‍ക്ക് ചെളളുപനിയും ബാധിച്ചു. 7 പേര്‍ക്ക് വെളളത്തിലൂടെ പകരുന്ന ഷിഗെല്ല സ്ഥിരീകരിച്ചപ്പോള്‍ രണ്ടു മരണവും സംഭവിച്ചു. കൊതുക് പരത്തുന്ന വെസ്ററ്നൈല്‍ പനി 9 പേരെ ബാധിച്ചപ്പോള്‍ 2 ജീവന്‍ പൊലിഞ്ഞു.

വര്‍ഷങ്ങളായി കൊതുകു പരത്തുന്ന പല രോഗങ്ങളും ജീവനെടുക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.