കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ കഴമ്പില്ലെന്ന് ഇടതുപക്ഷ മുന്നണി കൺവീനർ ഇ.പി.ജയരാജൻ.
‘‘അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. അവർ വലിയൊരു സ്ഥാപനത്തിന്റെ കൺസൾട്ടന്റാണ്. ഒരു കമ്പനി ഒരു കൺസൾട്ടന്റിന്റെ സേവനം വാങ്ങുന്നു. അതിന് ഇരു കമ്പനികളും തമ്മിൽ ധാരണയുണ്ടാക്കുന്നു. അത് സംബന്ധിച്ച് എല്ലാം സുതാര്യമായിത്തന്നെ നടത്തുന്നു. ഇതിൽ എന്താണ് പ്രശ്നം?
ഇന്നത്തെ കാലത്ത് ഐടി മേഖലയിൽ സ്ഥാപനങ്ങളും കൺസൾട്ടൻസികളും ഒരുപാടുണ്ട്. ആവശ്യമുള്ളവർക്കു സേവനം നൽകി പ്രവർത്തിക്കുന്ന കൺസൾട്ടൻസികളാണിത്. അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് വീണയുടേതും.
അവിടെ എന്തെങ്കിലും രഹസ്യമുണ്ടോ? ടിഡിഎസ് പിടിച്ചിട്ടാണ് പണം നൽകുന്നത്. ആദായനികുതി കൊടുക്കുന്നുണ്ട്. ഇതെല്ലാം രേഖകളിലില്ലേ
രണ്ടു കമ്പനികൾ തമ്മിൽ കരാറുണ്ടാക്കുന്നു. അവിടുത്തെ സേവനം എന്താണെന്നത് കമ്പനിയുടെ കാര്യമല്ലേ? അത് നിങ്ങളുടെ പ്രശ്നമാണോ? ആ കമ്പനിക്കല്ലേ പരാതി വേണ്ടത്?
ഇതൊന്നും നല്ല ശീലമല്ല. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളിൽനിന്ന് മാധ്യമങ്ങൾ പിന്തിരിയണം. സിപിഎമ്മിനെ നിങ്ങൾ എതിർത്തോ. മുഖ്യമന്ത്രിയോട് എതിർപ്പുണ്ടെങ്കിൽ എതിർത്തോ. അതിന് തെറ്റായ വഴികൾ സ്വീകരിക്കരുത്.
രാഷ്ട്രീയ വിരോധം തീർക്കാനും കുടുംബം തകർക്കാനുമുള്ള വഴിയായി ഇതൊന്നും ഉപയോഗിക്കരുത്. നിങ്ങൾ കഴക്കൂട്ടത്തു ചെന്നു നോക്കൂ. അവിടെ ഐടി കമ്പനികൾ എത്രയാ? എത്ര കൺസൾട്ടൻസികളുണ്ട്? അവിടെ എന്തൊക്കെ കരാറുകളും വ്യവസ്ഥകളുമുണ്ട്. നിങ്ങൾ ഈ ചെയ്യുന്നത് എന്താണ്? സമനില തെറ്റിയോ? കുടിപ്പക തീർക്കാൻ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണോ? വാർത്തകൾ സൃഷ്ടിക്കുകയാണോ? ഇതൊന്നും നല്ല ശീലമല്ല.’’ – ജയരാജൻ പറഞ്ഞു.