കൊച്ചി: ഇടതുമൂന്നണി കൺവീനർ ഇ പി ജയരാജൻ്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്റെ പരിശോധനയക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവഡേക്കറെ കണ്ടത് എന്നത് ചർച്ചയാവുന്നു.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന് പ്രകാശ് ജാവഡേക്കറുമായി ജയരാജൻ കൂടിക്കാഴ്ച നടത്തി. പിന്നീട് ഇതുസംബന്ധിച്ച് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചതായി അറിവില്ല.
ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കാണുന്ന ദിവസം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയപ്രതിരോധ ജാഥ തൃശ്ശൂരിലായിരുന്നു. അന്നുവരെ ജാഥയുടെ ഭാഗമാകാതിരുന്ന അദ്ദേഹം, മാര്‍ച്ച് നാലിന് തൃശ്ശൂരില്‍ ജാഥയുടെ ആദ്യദിവസത്തെ സമാപന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.
ജാഥയില്‍ ജയരാജന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. സ്വന്തം നാടായ കണ്ണൂരില്‍ പോലും ജയരാജന്‍ ജാഥയില്‍നിന്ന് വിട്ടുനിന്നിരുന്നു. എം വി ഗോവിന്ദനുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മ ആയിരുന്നു കാരണം.കോടിയേരിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന സംസ്ഥാന സെക്രട്ടറി സ്ഥാനം തനിക്ക് അവകാശപ്പെട്ടതാണെന്ന വിശ്വാസക്കാരനായിരുന്നു ജയരാജൻ.
വൈദേകം റിസോര്‍ട്ട്
ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള റിസോര്‍ട്ടിനെക്കുറിച്ച് സി.പി. എം സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജനായിരുന്നു വിമര്‍ശനം ഉന്നയിച്ചതും വിവാദമായി. ജയരാജന്മാർ തമ്മിലുള്ള വഴക്ക് പാർട്ടിക്ക് അകത്തും പുറത്തും ചർച്ചയായെങ്കിലും നേതൃത്വം അത് ഒതുക്കുകയായിരുന്നു.
പിന്നീട് റിസോര്‍ട്ടിന്റെ നടത്തിപ്പു ചുമതല ബി.ജെ.പി. നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള നിരാമയ റിട്രീറ്റ്‌സിന് കൈമാറി ജയരാജൻ തലയൂരുകയായിരുന്നു.ഏപ്രില്‍ 15-ന് ആണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്.