തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വീണ്ടും നിരക്ക് ഉയർത്താൻ സാധ്യത. രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടാനും, പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.
ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാവും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് കൂടുതൽ. ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്നത് പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ആണവനിലയം പദ്ധതിക്ക് വേണ്ടി പ്രാരംഭ ചർച്ചകള്‍ പോലും നടന്നിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.അത് സർക്കാരിൻ്റെ നയപരമായ കാര്യമാണെന്നും, കൂടുതല്‍ ചർച്ചകള്‍ നടത്തിയ ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ ഊർജവകുപ്പും കെ എസ് ഇ ബിയും ശ്രമം തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെ എസ് ഇ ബി ചെയർമാനും സംഘവും ജൂലായ് 15ന് മുംബയില്‍ ആദ്യഘട്ട ചർച്ചകള്‍ നടത്തിയെന്നുമൊക്കെയായിരുന്നു പ്രചരിച്ച റിപ്പോർട്ടുകള്‍. അതിരപ്പിള്ളി, ചീമേനി അടക്കമുള്ള സ്ഥലങ്ങളാണ് പരിഗണനയിലുള്ളതെന്ന് കെ എസ് ഇ ബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞെന്നായിരുന്നു വാർത്ത.