ഭൂമിക്കടിയിൽ പ്രകമ്പനം; ജനങ്ങളെ ഒഴിപ്പിക്കുന്നു

കല്പറ്റ: വയനാട്,കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ഭയാനകമായ ശബ്ദവും മുഴക്കവും. ജനങ്ങൾ പരിഭ്രാന്തിയിലായി.

വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഇടിവെട്ടുന്നതുപോലെയുള്ള ശബ്‌ദമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തും പ്രകമ്പനം ഉണ്ടായതാണ് സൂചന.

പാലക്കാടും മലപ്പുറത്തും ചില പ്രദേശങ്ങളിൽ സമാനമായ സംഭവങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്.

ഈ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ അറിയിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല എന്ന് നാഷണൽ സീസ്‌മോളജിക്കൽ സെൻ്റർ വക്താവ് പറഞ്ഞു. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.

കോഴിക്കോട് കൂടരഞ്ഞിയിലും മുക്കത്തുമാണ് പ്രകമ്പനമുണ്ടായത്. ഒരു മിനിട്ടിനിടെ രണ്ട് തവണയാണ് മുഴക്കം അനുഭവപ്പെട്ടത്.വയനാട്ടിലെ വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്.

വയനാട്ടിലെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു.

എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കെത്തിയിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടു.

‘നെന്മേനി വില്ലേജിലും അമ്പലവയല്‍ വില്ലേജിന്റെ ഭാഗങ്ങളിലും 10.20 ഓട് കൂടി ഒരു ശബ്ദമുണ്ടായതായും ചെറിയ വിറയലും ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.

കോഴിക്കോട് മണാശ്ശേരിയിലും കൂടരഞ്ഞിയിലും ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കൂടരഞ്ഞി കാരാട്ടുപാറ , കരിങ്കുറ്റി ഭാഗങ്ങളിൽ രാവിലെയാണ് ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ചില വീടുകളുടെ ജനലുകൾ ഇളകിയെന്നും നാട്ടുകാർ അറിയിച്ചു.