April 12, 2025 5:12 pm

വിഴിഞ്ഞത്ത് 10,000 കോടി നിക്ഷേപം വരുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നാലാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028ല്‍ പൂര്‍ത്തിയാകുന്നതോടെ, പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം തുറമുഖ മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

രണ്ടും മൂന്നും നാലും ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒരേ സമയം അഞ്ച് മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുമെന്നും ഇത് രാജ്യത്തെ തന്നെ വലിയ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും.തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടതായും ഡോ. ദിവ്യ പറഞ്ഞു

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ആറാം പതിപ്പിനോടനുബന്ധിച്ച് ‘വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യാന്തര കപ്പല്‍പ്പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാല്‍ വിഴിഞ്ഞത്തിന്റെ വ്യാവസായിക സാധ്യതകള്‍ ഏറെയാണെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഇല്ല, ഈ കുറവ് പരിഹരിക്കാന്‍ വിഴിഞ്ഞത്തിനാകും. ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണ വ്യവസായം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ വര്‍ധിക്കും. രാജ്യത്തെ ഏറ്റവും വലിയ സെമി ഓട്ടോമേറ്റഡ് തുറമുഖമായി ഇതിനോടകം വിഴിഞ്ഞം മാറിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News