സൂര്യനെല്ലികേസ്: മുൻ ഡിജിപി: സിബി മാത്യൂസ് കേസിൽപ്പെട്ടു.

കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി: സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം.

സിബി മാത്യൂസിന്റെ 2017-ൽ പുറത്തിറങ്ങിയ ‘നിർഭയം – ഒരു ഐ.പി.എസ്. ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട് കോടതി അസാധുവാക്കി. ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാൻ മണ്ണന്തല പൊലീസിന് കോടതി നി‍ർദേശം നല്‍കി.

പുസ്തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര് വിവരങ്ങളും അവർ താമസിച്ചിരുന്ന സ്ഥലവും പെൺകുട്ടി പഠിച്ച സ്കൂളിന്റെ വിവരവും എല്ലാം പരാമർശിക്കുന്നുണ്ടായിരുന്നു. ഈ വിവരങ്ങളിൽ നിന്നെല്ലാം അതിജീവിത ആരാണെന്ന് മനസിലാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ കേസെടുക്കാൻ ഉത്തരവിട്ടത്. അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടത് 228-ാം വകുപ്പിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2017-ലാണ് സിബി മാത്യൂസിന്റെ പുസ്തകം പുറത്തിറങ്ങിയത്. രണ്ടു വർഷങ്ങൾക്കുശേഷം 2019-ൽ പോലീസ് ഉദ്യോഗസ്ഥനായ .ജോഷ്വാ സിബി മാത്യൂസിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണ്ണന്തല പോലീസിലും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ജോഷ്വാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയെങ്കിലും കൂടുതൽ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഇദ്ദേഹം വീണ്ടും ഹൈക്കോടതിയിലെത്തി.