പി എസ് സി കോഴ : മുഖം രക്ഷിക്കാൻ സി പി എം; നേതാവിനെ പുറത്താക്കി

കോഴിക്കോട് : പി എസ് സി അംഗത്വത്തിന് കോഴ വാങ്ങി എന്ന വിവാദത്തിൽ മുഖം രക്ഷിക്കാൻ സി പി എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാർടിയുടെ  പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി. സിപിഎം ജില്ലാ കമ്മിറ്റിയാണ്   നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം  ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു.

പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്നാണ്  സിപിഎം വാർത്താക്കുറിപ്പിൽ വിശദീകരണം. കോഴ ആരോപണത്തെ കുറിച്ച് ഇതിൽ പരാമർശമില്ല.

കോഴ വിവാദത്തെ തുടർന്നല്ല നടപടിയെന്നാണ് സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്റെ വിശദീകരണം. പി എസ് സി കോഴ സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ബിജെപി പ്രാദേശിക നേതാവുമായി ബന്ധം പുലർത്തി, ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവൻ്റെ പേരു ദുരുപയോഗം ചെയ്തു, ആരോഗ്യവകുപ്പിലെ നിയമനത്തിന് കോഴ വാങ്ങി എന്നിവ അടക്കം വിലയിരുത്തിയാണത്രെ നടപടി.

വിഷയം കൈകാര്യം ചെയ്തതില്‍ സി പി എം ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചിരുന്നു.

സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

കോഴ വാങ്ങിയെന്ന ആരോപണം ചേവായൂര്‍ സ്വദേശിയും പ്ലൈവുഡ് വ്യാപാരിയുമായ പ്രമോദ് കോട്ടൂളി നിഷേധിച്ചു. പരാതിക്കാരനായ ശ്രീജിത്ത്, ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം.

ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരൻ്റെ വീടിന് മുന്നിൽ ധർണയിരിക്കും. ഈ കാര്യത്തിൽ എനിക്കെൻ്റെ അമ്മയെ ബോധ്യപ്പെടുത്തണമെന്നും അതിനായാണ് താൻ പരാതിക്കാരൻ്റെ വീടിന് മുന്നിലേക്ക് സമരത്തിനായി പോകുന്നതെന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ സംഭവത്തിൽ എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തണം. അതിനായി വ്യക്തിയെന്ന നിലയിൽ പരാതി കൊടുക്കും. പാര്‍ട്ടി എനിക്ക് ജീവനാണ്, രക്ഷിതാവിനെ പോലെയാണ്. താൻ തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണം. ഒരാഴ്ചയായി തനിക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. എനിക്കാരെയും തോൽപ്പിക്കേണ്ട. എന്റെ പ്രസ്ഥാനം തോറ്റ് കാണരുത്, അതെനിക്ക് ഇഷ്ടമല്ല. എന്നാൽ എൻ്റെ അമ്മയാരുടെയും മുന്നിൽ തല കുനിക്കരുത്. അതിനായാണ് സമരം ചെയ്യുന്നത് ‘- അദ്ദേഹം വിശദീകരിച്ചു.