കള്ളപ്പണ ഇടപാട്: സി പി എമ്മിന് കനത്ത ആഘാതം

തൃശൂർ: മുന്നൂറു കോടി രൂപയുടെ കള്ളപ്പണ തട്ടിപ്പ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ പരിശോധന അവസാനിച്ചു.

ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന തട്ടിപ്പ് സംബന്ധിച്ച തിരച്ചിൽ ബുധനാഴ്ച പുലർച്ചെ അഞ്ചു മണിക്കാണ് തീർന്നത്. കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ ബന്ധം പുറത്തുവരുന്നത് ഇതാദ്യമാണ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കെത്തിയത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികൾക്കോ ലോക്കൽ കമ്മിറ്റികൾക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സിപിഎം നിലപാട്.

നേരത്തെ ചോദ്യം ചെയ്ത പ്രതികളുടെ മൊഴിയിൽനിന്നാണു മൊയ്തീന്റെ പങ്കിനെക്കുറിച്ച് ഇഡിക്കു സൂചന ലഭിച്ചത്. 300 കോടിയുടെ വെട്ടിപ്പ് ‘നോട്ടപ്പിശക്’ എന്നാണ് പാർട്ടി ആദ്യം വിലയിരുത്തിയത്.

25 കോടി രൂപയുടെ വായ്പ ലഭിച്ച 4 പേർ മൊയ്തീന്റ ബെനാമികളാണെന്ന ആരോപണം ഇഡിക്കു ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഈടില്ലാതെയോ വ്യാജരേഖകൾ ഈടാക്കിയോ വായ്പ നൽകിയതും ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിച്ചു കള്ളപ്പണം വെളുപ്പിച്ചതുമടക്കമുള്ള തട്ടിപ്പുകളാണു 300 കോടി വരുമെന്നു കണ്ടെത്തിയിട്ടുള്ളത്.

ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷിന്റെ ചേർപ്പിലെ വീട്ടിലും പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും ഇഡി തിരച്ചിൽ നടത്തി. ചേർപ്പിൽ രാത്രി 7.45നും കോലഴിയിൽ 9.30നും പരിശോധന തീർന്നിരുന്നു.

കൊച്ചിയിൽനിന്ന് ഇഡി അഡീഷനൽ ഡയറക്ടർ ആനന്ദന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണു മൊയ്തീന്റെ വീട്ടിലെത്തിയത്. അനിൽകുമാറിനെയും സതീശനെയും ബാങ്കിനു പരിചയപ്പെടുത്തിയതു മൊയ്തീനാണെന്ന് പറയുന്നു.കള്ളപ്പണം വെളുപ്പിക്കാൻ കരുവന്നൂർ ബാങ്ക് കൂട്ടുനിന്നുവെന്നു നേരത്തെ ഇഡി കണ്ടെത്തിയിരുന്നു.

മുതിർന്ന നേതാക്കൾക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ ഒഴികെ ആർക്കെതിരെയും കാര്യമായ നടപടിയും പാർട്ടി എടുത്തില്ല.

തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി ഈ വിഷയം കൈകാര്യം ചെയ്തത്. ‘നോട്ടപ്പിശകി’ന്റെ പേരിലാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആർ.വിജയയെയും ജില്ലാ കമ്മിറ്റിയിൽനിന്നു തരം തരംതാഴ്ത്തിയത്.

മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു.   തട്ടിപ്പു നടക്കുന്നുവെന്നു പാർട്ടിയംഗമായ ബാങ്ക് മുൻ ജീവനക്കാരൻ എസ്.സുരേഷ് പാർട്ടിക്കു പരാതി നൽകിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോൺ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടർന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്.

അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പാ‍ർട്ടി നിയോഗിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ട് പാർട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നൽകിയ പാർട്ടിയംഗത്തെ വിളിച്ചു വിവരങ്ങൾ ചോദിച്ചുമില്ല.

പരാതിയിൽ അഴിമതിക്കാരെന്നു പറയുന്ന ചിലരുടെ പേരുകൾ പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കൾ ആരംഭിച്ച സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തിൽ മൊയ്തീനും ഏരിയ ചുമതലക്കാരനായ ഉല്ലാസ് കളയ്ക്കാടും പങ്കെടുത്തു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു പിണറായി വിജയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൊയ്തീനെതിരെ ശബ്ദമുയർത്താൻ ജില്ലാ കമ്മിറ്റിയിലെ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ടു വേണ്ട സമയത്ത് അന്വേഷിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും എന്ന ചോദ്യത്തിനും മറുപടിയില്ല.