ഒടുവില്‍ ദിവ്യയ്‌ക്ക് ‘ശിക്ഷ’ വിധിച്ച് സി പി എം

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ സിപിഎം കണ്ണൂർ ജില്ല കമ്മിററി തീരുമാനം. അവരെ പാർട്ടി പദവികളില്‍നിന്ന് നീക്കും.

ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിൽ ആണ് ഈ നീക്കം. പാർടിയുടെ പത്തനംതിട്ട ജില്ല കമ്മിററിയും നടപടിക്കായി വാശിപിടിക്കുന്നുണ്ട്.പൊതു സമൂഹവും ദിവ്യക്ക് എതിരാണെന്ന് പാർടി വിലയിരുത്തുന്നു.

ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് യോഗം വിലയിരുത്തി. കേസില്‍ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച കോടതി വിധിപറയാനിരിക്കെയാണ് പാര്‍ട്ടി ശിക്ഷ വിധിക്കുന്നത്. ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് ദിവ്യയെ തരംതാഴ്ത്തണം എന്നാണ് തീരുമാനം.

കേസില്‍ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി നല്‍കിയത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങള്‍ തെറ്റായിപ്പോയെന്ന് വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയില്‍ കക്ഷി ചേർന്നിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കുടുംബം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.