പി.ശശിയെ വെറുതെ വിടില്ല: ആഞ്ഞടിച്ച് വീണ്ടും അൻവർ

നിലമ്പൂർ : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി . ശശിയുടെ പേര് പറ‌ഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ല. നിലമ്പൂരിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ നൽകിയ പരാതിയിൽ ശശിയുടെ പേരില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. സി.പി.എം പാർലമെൻ്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല. അതു കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതും ഇരുവർക്കും പരാതി നൽകിയതും. ഈ പോക്ക് പോയാൽ ഇനി താൻ ഉന്നയിച്ച പരാതികളിൽ വനിതാ പൊലീസ് അന്വേഷണ സംഘം തന്നെ വേണ്ടി വരും.

പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാം. താൻ നൽകിയ പരാതികൾ അന്വേഷിക്കാൻ പൊലീസിലെ നല്ല ആൺകുട്ടികൾ തന്നെ വരണം. തൻ്റെ പക്കലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നൽകും.സംസ്ഥാന പോലീസ് മേധാവി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വാധീനവും ഈ അന്വേഷണത്തിൽ നടക്കില്ല.

എടവണ്ണയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ മരണത്തില്‍ പോലീസിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി അൻവർ പറഞ്ഞു. മുൻ മലപ്പുറം എസ്‌പി സുജിത് ദാസിനും അദ്ദേഹത്തിൻ്റെ ഡാൻസാഫ് സംഘത്തിനും കൊലപാതകത്തിലെ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിക്കണം.

കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകള്‍ക്ക് രാത്രി പത്ത് മണി കഴിഞ്ഞാല്‍ പ്രവർത്തനാനുമതി നല്‍കാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് പോലീസ് ഈ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിൻ്റെ പ്രധാന കേന്ദ്രമാണ്.

എയർപോർട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്. എന്നാല്‍ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആർപിസി പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ സ്വർണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റർ ചെയ്യണ്ടത്. കരിപ്പൂരില്‍ പിടിക്കുന്ന സ്വർണത്തില്‍ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റി.

റിദാൻ ബാസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പോലീസ് റിപ്പോർട്ട്. ഇതുമായി ഒരുപാട് ദുരൂഹമായ ചർച്ചകള്‍ നാട്ടുകാരിലും പൊലീസുകാരിലും ഉണ്ടായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്‌പിയാണ് മലപ്പുറത്തെന്നും എഡിജിപി അജിത്ത് കുമാറാണ് അദ്ദേഹത്തെ അവിടെ വാഴാൻ അനുവദിക്കുന്നതെന്നും മനസിലാക്കിയാണ് താൻ അന്വേഷണം നടത്തിയത്.

റിദാൻ ബാസില്‍ ഇക്കഴിഞ്ഞ പെരുന്നാളിൻ്റെ തലേ ദിവസമാണ് കൊല്ലപ്പെട്ടത്. അന്ന് രാത്രി സുഹൃത്ത് ഷാനിനൊപ്പം പുറത്ത് പോയ റിദാൻ പിന്നീട് തിരികെ വന്നില്ല. കേസല്‍ ഷാനുമായി റിദാൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പോലീസ് ശ്രമിച്ചു.

റിദാൻ്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ മർദ്ദിച്ചു. അവിഹിത ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. കുടുംബം പൊലീസിനെ വിശ്വസിച്ചില്ല. അതുകൊണ്ടാണ് റിദാൻ്റെ ഭാര്യയെ വിട്ടയച്ചത്. കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷമാണ് തോക്കടക്കം തെളിവുകള്‍ കണ്ടെത്തിയത്.

ഷാനിനെ പോലീസ് മനപ്പൂർവം കേസില്‍ കുടുക്കുകയായിരുന്നു. കരിപ്പൂരിലെ കള്ളക്കടത്തുമായി റിദാൻ ബാസിലിന് ചില ബന്ധമുണ്ടായിരുന്നു. അയാളുടെ കൈയ്യിലുള്ള ഫോണ്‍ കൈക്കലാക്കാൻ എത്തിയ സംഘം സംഘർഷത്തിനിടെ റിദാനെ കൊലപ്പെടുത്തിയതെന്നാണ് താൻ സംശയിക്കുന്നത്. ഇതിന് പിന്നില്‍ പോലീസിന് പങ്കുണ്ട് എന്ന് അൻവർ ആരോപിച്ചു.