April 23, 2025 12:06 am

മാസപ്പടിക്കേസിൽ തെളിവുണ്ടെന്ന് കമ്പനി രജിസ്ട്രാർ

കൊച്ചി: വിവാദ വ്യവസായി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിൽ ആലുവയിൽ പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ആർ. ഒ.സി) ഡൽഹി ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ഇതു സംബന്ധിച്ച അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയെ തുടർന്നായിരുന്നു ഈ വിശദീകരണം ആർ ഒ സി നൽകിയത്. സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതൽ 2019 വരെയുള്ള കണക്കാണിത്. ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് മറുപടി നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐ ടി കമ്പനിക്ക് സി എം ആർ എൽ മാസപ്പടി നൽകി എന്ന കേസ് തുടരുന്നതിനിടെ ആണ് ആർ ഒ സി ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചത്.

സി.എം.ആർ.എൽ വ്യാജ പണമിടപാട് നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ കേരള ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 27നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ആദ്യം കത്ത് നൽകിയത്. വഞ്ചന, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെ കുറ്റങ്ങളാണ് കണ്ടെത്തിയത്. ഏപ്രിൽ 10ന് വീണ്ടും കത്ത് നൽകിയെങ്കിലും നടപടിയായില്ല.

എക്സാലോജിക്ക് -സി.എം.ആർ.എൽ അനധികൃത പണമിടപാട് സംബന്ധിച്ച കേസിൽ ഇ.ഡിയുടെ അന്വേഷണവും നടപടികളും സമൻസും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എല്ലും ഉദ്യോഗസ്ഥരും നൽകിയ ഹരജിയിൽ ഇ.ഡി കൊച്ചി സോണൽ അസി. ഡയറക്ടർ സത്യവീർ സിങ് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചിൽ ഹരജി പരിഗണനക്കെത്തിയെങ്കിലും ജൂൺ ഏഴിന് പരിഗണിക്കാൻ മാറ്റി. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 420, 411, 421, 424 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സി.എം.ആർ.എല്ലിൽ റെയ്ഡ് നടത്തി ചെലവുകൾ പെരുപ്പിച്ചുകാട്ടി ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News