April 12, 2025 11:57 am

ജസ്റ്റിസ് ഹേമ റിപ്പോർട്ട്;പീഡന വിവരങ്ങൾസർക്കാർ മുക്കി ?

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് 21 പാരഗ്രാഫുകൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചപ്പോൾ , 129 പാരഗ്രാഫുകൾ സര്‍ക്കാര്‍ വെട്ടിനീക്കിയത് നിർണായക വിവരങ്ങൾ ഒളിച്ചുവെക്കാൻ ആണെന്ന ആരോപണം വിവാദമാവുന്നു.

സർക്കാർ സ്വന്തം നിലയിൽ ഒഴിവാക്കിയത് 49 മുതൽ മുതൽ 53 വരെയുള്ള പേജുകളാണ്.ലൈംഗിക പീഡനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് ആരോപണം. അതേസമയം, സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഈ ഭാഗങ്ങൾ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഈ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ മേഖലയിലുള്ളവരും പ്രതിപക്ഷവും രംഗത്തെത്തി.

സിനിമാ മേഖലയിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സിനിമയില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. വിവരാവകാശ കമ്മിഷൻ പറയാത്ത പേജുകൾ നീക്കം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന് ഭയമുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്‍റെ സെൻസറിങ് വ്യക്തമാക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു.എത്ര ഒളിച്ചാലും സത്യം പുറത്തുവരുമെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു പറഞ്ഞു.

തുടർനടപടികൾ കോടതി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. സെന്‍സറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കട്ടെ എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News