ന്യൂഡൽഹി : എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭക്ക് കൈമാറണം എന്ന് യാക്കോബായ സഭയോട് സുപ്രിംകോടതി നിർദേശിച്ചു. ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടലാണിത്.
അതേസമയം പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരുവിഭാഗത്തിൽ പെട്ടവരെയും വിലക്കരുതെന്ന് കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിർദേശംനൽകി.
മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2017-ലെ വിധിക്കുശേഷം നൽകിയ പല പ്രത്യേക അനുമതി ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് യാക്കോബായ സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാല്‍, 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ബെഞ്ച് പറഞ്ഞു.യാക്കോബായ സഭയുടെ ആവശ്യങ്ങൾ കേൾക്കണെമെങ്കിൽ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
സർക്കാരിൻ്റെ ഇടപെടൽ അവസാന ആശ്രയമായിരിക്കണം എന്ന് കോടതി നിർദേശിച്ചു. മതപരമായ പ്രശ്നങ്ങളിൽ ഇടപെടാൻ ഭരണകൂടത്തെ നിർബന്ധിക്കേണ്ട സാഹചര്യത്തിലേക്കാണ് തങ്ങൾ എത്തുന്നതെന്ന് കേസ് പരിഗണിച്ച് സുപ്രിംകോടതി നിരീക്ഷിച്ചു
സുപ്രീംകോടതി വിധി പാലിക്കേണ്ടതില്ലെങ്കിൽ സാധാരണ പൗരന്മാർ എങ്ങോട്ടേക്ക് പോകും എന്ന് കോടതി ചോദിച്ചു. 2017 വിധി നടപ്പാക്കണം എന്ന് സുപ്രീംകോടതി നിർദേശം നൽകി.