December 21, 2024 11:26 pm

ഐ എ എസ് പോര് മുറുകുന്നു: ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചു.സംസ്ഥാന​ത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ പോരിൻ്റെ ഭാഗമാണിത്.

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, എൻ.പ്രശാന്ത് ആണ് നോട്ടീസ് നൽകിയത്.സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ വിമർശനത്തിന് പ്രശാന്തിനെ സർക്കാർ സസ്പെൻ്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.

ജയതിലക് ഐ.എ.എസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് നോട്ടീസ്.അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും മാതൃഭൂമി പത്രത്തിനും നോട്ടീസുണ്ട്.

അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. നേരത്തെ ‘ഉന്നതി’യിലെ ഫയലുകള്‍ പ്രശാന്ത് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗോപാലകൃഷ്ണൻ്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു.സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ ആരോപണങ്ങളും നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്.

‘ജയതിലകിനെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്.എന്നാല്‍ തെളിവ് നശിപ്പിക്കുകയും കൃത്രിമ രേഖയും നിര്‍മിക്കുകയും ചെയ്തിട്ടും ജയതിലക് ഇപ്പോഴും സര്‍വീസില്‍ തുടരുകയാണെന്നും’ പ്രശാന്ത് ചൂണ്ടിക്കാട്ടി. മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ് വിവാദത്തിലാണ് ഗോപാലകൃഷ്ണന് എതിരെയുള്ള നോട്ടീസ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News