പോലീസ് മേധാവിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി: പി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടി. സി പി എം പിന്തുണയോടെ ജയിച്ച പി.വി. അൻവർ എം.എല്‍.എയുടെ ആരോപണങ്ങൾ സർക്കാരിനെയും സി പി എമ്മിനെയും ഞെട്ടിച്ച സാഹചര്യത്തിലാണ് ഈ നടപടി.

മുഖ്യമന്ത്രിയുടെ വിശ്വസ്ഥർ എന്ന് കരുതപ്പെടുന്ന അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി
പി. ശശിക്കും എതിരെ അൻവർ നടത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏററുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നും ആരോപണങ്ങളിൽസി ബി ഐ  കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിൻ്റെ പ്രതിച്ഛായ നശിപ്പിച്ചു എന്നാണ് എന്ന വിലയിരുത്തലിലാണ് സർക്കാർ.മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ ആണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ശശിയെയും അജിത്കുമാറിനെയും മുഖ്യമന്ത്രി വിശ്വസിച്ച്‌ കാര്യങ്ങളേല്‍പ്പിച്ചതാണ്. അവർ ആ ചുമതല കൃത്യമായി ചെയ്തില്ലെന്നും അൻവ‌ർ ആരോപിക്കുന്നു

അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്നും അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.

പൊലീസിനെതിരെ ഇനിയും തെളിവുണ്ട് എന്ന് അൻവർ വെളിപ്പെടുത്തുന്നു. ‘സർക്കാരിനെയും പാർട്ടിയെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. ചില പൊലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാണ്. മുഖ്യമന്ത്രി വിശ്വസിച്ചേല്‍പ്പിച്ച കാര്യങ്ങള്‍ എഡിജിപിയും പി ശശിയും ചെയ്തില്ല. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണ്. കൊന്നും കൊല്ലിച്ചും ശീലമുള്ള സംഘത്തോടാണ് ഏറ്റുമുട്ടുന്നത്. കസ്റ്റംസില്‍ ഉള്ള ഉദ്യോഗസ്ഥർ കള്ളക്കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നല്‍കും. പിടിക്കുന്നതില്‍ നിന്ന് സ്വർണം കവരും. ഇതാണ് രീതി -അൻവർ പറയുന്നു.

അജിത്കുമാറിന്റെ ഭാര്യയ്ക്ക് സ്ത്രീയെന്ന പരിഗണന നല്‍കി ആരോപണങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ് . എന്നാല്‍ ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും അൻവർ വ്യക്തമാക്കി.

സി പി എം  സെക്രട്ടറി എം വി ഗോവിന്ദൻ,അൻവറിന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹത്തിൻ്റെ സ്ഫോടനാത്മകമായ ആരോപണങ്ങൾ വരുന്നത്.

മലപ്പുറം എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും ഓഡിയോ വിവാദത്തിലും അൻവറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. അൻവറിന്റെ വെല്ലുവിളി മുഖ്യമന്ത്രിക്കും സിപിഎമ്മിനും സാധാരണമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

മന്ത്രിമാരുടെ ഫോണുകൾ വരെ ചോർത്തിയെന്ന ആരോപണം സർക്കാറിനെയാകെ ഉലക്കുകയാണ്. ഇത്രയൊക്കെ പറഞ്ഞ അൻവറിന് പിന്നിൽ ആരെണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം.

പൊലീസ് നയത്തിൽ കടുത്ത അതൃപ്തിയുള്ള പാർട്ടി നേതാക്കൾ പിന്നിലുണ്ടോ എന്ന സംശയവും ബലപ്പെടുന്നു.അതോ ശശിയെയും അജിത് കുമാറിനെയും ഒഴിവാക്കാൻ നേതൃത്വം അൻവറിനെ ഇറക്കിയോ എന്നും ചർച്ചയുണ്ട്. ഫോൺ ചോർത്തിയെന്ന ഗുരുതര കുറ്റം ചെയ്തെന്ന് സമ്മതിച്ചിട്ടും അൻവറിനെതിരെ നടപടിയില്ല. പാർട്ടി നേതൃത്വവും അൻവറിനെ ആവേശത്തോടെ പിന്തുണച്ച ഇടത് കേന്ദ്രങ്ങളും മിണ്ടുന്നില്ല.