കോഴിക്കോട് : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന കേസിൽ തൂക്കിലേററിയ നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്. എസ് എഫ് ഐ യുടെ പരാതിയിൽ ആണ് ഈ നടപടി.
കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്നായിരുന്നു ഷൈജയുടെ ഫേസ്ബുക്ക് കമന്റ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു സംഭവം.
നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.വൈ.എഫ്.ഐ.യും അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവന്‍ ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ’ എന്ന് കമന്റ് ഇട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഷൈജ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
ഷൈജ ആണ്ടവനെ എൻഐടിയിൽ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകുകയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.
ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.