January 9, 2025 9:00 am

ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കും

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടിൽ നിന്ന് പിടിയിലായ വ്യവസായിയുംചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമയുമായ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.നടി ഹണി റോസ് നൽകിയ പരാതിയെ തുടർന്നാണ് കേസ്>

സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തൽ, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹണി റോസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.

അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു. താൻ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ സമയം തേടിയുന്നു എന്നും മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ലഭിച്ചതായും ഹണി പറഞ്ഞു.വലിയ ആശ്വാസമാണ് അതുണ്ടാക്കിയതെന്നും അവർ അറിയിച്ചു.

നേരത്തെ കേസ് അന്വേഷിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

ഹണി റോസ് ആദ്യം നൽകിയ പരാതി സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അസഭ്യപ്രയോഗങ്ങളും അപകീര്‍ത്തി പരാമർശങ്ങളും നടത്തിയവർക്കെതിരെ ആയിരുന്നു.ഇതിൽ ഉടൻ തന്നെ 30 പേർക്കെതിരെ കേസെടുത്തു.കുമ്പളം സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇത്തരത്തിൽ കേസെടുക്കുകയും ഒരാളെ അറസ്റ്റ് െചയ്യുകയും ചെയ്ത സാഹചര്യത്തിൽ ഇതിനേക്കാൾ ഗൗരവമായ പരാതിയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയിരുന്നത്

ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്.

ഓഗസ്റ്റ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താൻ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയിൽ പറയുന്നുണ്ട്.

വലിയ ആശ്വാസമാണ് ഇപ്പോള്‍ തോന്നുന്നതെന്ന് നടി ഹണി റോസ് പ്രതികരിച്ചു. സംരക്ഷണം നല്‍കുന്ന സര്‍ക്കാരും പോലീസ് ഡിപ്പാര്‍ട്ടുമെന്റുമുള്ള സംസ്ഥാനത്താണ് ജീവിക്കുന്നതെന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്.

ഞാന്‍ അനുഭവിച്ച സൈബര്‍ ബുള്ളിയിങ് അത്ര വലുതാണ്. ആവര്‍ത്തിക്കരുതെന്ന് പലതവണ പറഞ്ഞിട്ടും തുടര്‍ന്നു. അത് പണത്തിന്റെ ഹുങ്കായും വെല്ലുവിളിയായും മാത്രമേ എനിക്ക് കാണാന്‍ കഴിയൂ. എല്ലാത്തിനും ഒരു അവസാനം വേണം. അതുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങാമെന്ന് തീരുമാനിച്ചത്.’ -പരാതിക്കാരി പറഞ്ഞു.

മാസങ്ങൾക്കുമുൻപ്‌ രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. ആഭരണങ്ങൾ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവർ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമർശം നടത്തി. കുറേപ്പേർ അത് ദ്വയാർഥത്തിൽ ഉപയോഗിച്ചു. അവർക്കത് ഡാമേജായി, വിഷമമായി. അതിൽ എനിക്കും വിഷമമുണ്ട്. ഞാൻ മനപ്പൂർവം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാർക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News