തിരുവനന്തപുരം: ഓണക്കാലത്ത് വിദേശ മദ്യത്തിന് ദൗര്‍ലഭ്യമുണ്ടാവാതിരിക്കാന്‍ ബെവ്‌കോയുടെ മുന്‍കരുതല്‍. ഒരു മാസത്തേക്ക് സാധാരണ സ്റ്റോക്ക് ചെയ്യുന്നതിന്റെ അമ്പത് ശതമാനം അധികമായി കരുതിവയ്ക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓണവില്പനയില്‍ 50 മുതല്‍ 75 കോടി രൂപ വരെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ചില്ലറ വില്പനശാലകളിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ ഒമ്പതുവരെ 700.60 കോടിയുടെ മദ്യമാണ് വിറ്റത്. ഇക്കുറി 750 കോടി കടക്കുമെന്നാണ് പ്രതീക്ഷ. ബെവ്‌കോയുടെ നിയന്ത്രണത്തിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന്റെ ജനപ്രിയ മദ്യമായ ജവാന്‍ റം ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ചില്ലറവില്പന ശാലകളില്‍ ഉറപ്പാക്കും. ജവാന്റെ പ്രതിദിന ഉത്പാദനം 8000 കെയ്‌സില്‍ നിന്ന് 12,000 കെയ്‌സായി ഉയര്‍ത്തിയിട്ടുണ്ട്. വൈകാതെ ഇത് 15,000 കെയ്‌സാക്കും.
ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് എട്ടുവരെ 6751 .81 കോടിയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. നികുതി ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 5900.22 കോടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6489 കോടിയായിരുന്നു വില്‍പ്പന. 262.81 കോടിയുടെ വര്‍ദ്ധന.