അനന്തപുരത്ത് പുതിയ മുതല !

കാസര്‍ഗോഡ്: കുമ്പള അനന്തപുരം ക്ഷേത്ര കുളത്തിലെ ‘ബബിയ’ മുതല ഓർമയായി ഒരു വർഷത്തിന് ശേഷം പുതിയ ഒരു മുതലകുഞ്ഞ് കുളത്തിൽ പ്രത്യക്ഷപ്പെട്ടു.

സസ്യാഹാരം മാത്രം ഭക്ഷിച്ച് ഏഴ് പതിറ്റാണ്ടിലേറെയായി കുളത്തില്‍ ജീവിച്ച ബബിയ മുതല കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ചത്തത്. ക്ഷേത്രക്കുളത്തിലോ പരിസരത്തോ എത്തുന്ന ആരെയും ബബിയ ആക്രമിച്ച ചരിത്രമില്ല.

ക്ഷേത്രത്തിലെത്തുന്നവരെല്ലാം ബബിയയെ കാണാതെ പോകില്ലായിരുന്നു.ഭക്തരാണ് ആദ്യം മുതലകുഞ്ഞിനെ കണ്ടത്. ക്ഷേത്രക്കുളത്തില്‍ ബബിയ എത്തിയത് എങ്ങനെ, എപ്പോൾ എന്ന വിവരം ഇപ്പോഴും അറിവില്ല. പുതിയ മുതലയുടെ വരവിനെക്കുറിച്ചും അറിയില്ലെന്നും ക്ഷേത്രത്തിന്റെ മാനേജർ ലക്ഷ്മണ ഹബ്ബാർ പറഞ്ഞു.

‘നവംബർ 7ന് കാഞ്ഞങ്ങാട് നിന്നും 4 പേർ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രദക്ഷിണം നടത്തുന്ന സമയത്ത് അവർ മുതലയെ കാണുകയും തങ്ങളെ അറിയിക്കുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ആരും തന്നെ മുതലയെ കണ്ടില്ല. പിന്നീട് അവർ ഫോണിൽ എടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ എല്ലാവരും അറിഞ്ഞു.’

‘നവംബർ 11ന് നേരത്തെ വന്ന ആളുകൾ വീണ്ടുമെത്തുകയും മുതലയെ കണ്ട സ്ഥലം കാണിച്ചുതരുകയും ചെയ്തു. താനും മേൽശാന്തി ഉൾപ്പെടെയുള്ളവരും അപ്പോഴാണ് കുളത്തിനുള്ളിലെ ചെറിയ മടയിൽ മുതലയെ കാണുന്നത്. ചെറിയ മുതലയാണ്. നീന്തിപോകാനുള്ള ശേഷി ഇല്ലാത്തതിനാൽ ഒരേ സ്ഥലത്ത് തന്നെയാണ് കിടക്കുന്നത് ‘- ലക്ഷ്മണ ഹബ്ബാർ അറിയിച്ചു.

1945ല്‍ ഇതേ കുളത്തിലുണ്ടായിരുന്ന മുതലയെ വെടിവെച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.

ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ട്രസ്റ്റിനെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെയും മറ്റും വിവരമറിയിച്ചു. ബബിയയുടെ അതേ വിഭാഗത്തില്‍ പെട്ട മുതലയാണിതെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചെന്നാണ് ഭാരവാഹികള്‍ പറയുന്നത്.

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് കാസര്‍ഗോട്ടെ ഈ അനന്തപുരം ക്ഷേത്രം. കഴിഞ്ഞ വര്‍ഷം ബബിയ ഓര്‍മയായ വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ കാണാനെത്തിയിരുന്നു. ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു അന്ന് ബബിയയെ സംസ്‌കരിച്ചത്.

ബബിയ ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന നിവേദ്യമായിരുന്നു ഭക്ഷിച്ചിരുന്നത്. ഒരു നാള്‍ ക്ഷേത്ര നട വരെ ബബിയ എത്തിയതും ഭക്തര്‍ക്ക് കൗതുകക്കാഴ്ചയായിരുന്നു. പ്രായാധിക്യത്തെ തുടർന്നായിരുന്നു ബബിയയുടെ മരണം.