കല്പററ: വയനാട്ടിലെ ചൂരല്‍മലയേയും മുണ്ടക്കൈയേയും നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് എട്ടുദിവസം. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ 402 മൃതദേഹങ്ങളും 181 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.
സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തിരച്ചിൽ തുടരുകയാണ്.നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്.വ്യോമസേന ഹെലികോപ്റ്റർ വഴിയാണ് ദൗത്യസംഘത്തെ ഈ മേഖലയിലെത്തിച്ചത്.
ഉരുൾപൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ ഇന്നലെ പുത്തുമലയിൽ കൂട്ടമായി സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെ സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമാണ് സംസ്കാരം നടത്തിയത്.
ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കരുതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിർദേശം നൽകി. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും പറഞ്ഞു.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കളിൽ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും.
ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതില്‍ 385 ഓളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു പോയിട്ടുള്ളതായി കെ എസ് ഇ ബി കണ്ടെത്തിയിട്ടുണ്ട്.