April 5, 2025 12:21 am

തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം: തലച്ചോർ തിന്നുന്ന രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമീബിക്ക് മസ്തിഷ്ക ജ്വരം തിരുവനന്തപുരത്ത് മൂന്ന് പേർക്ക് കൂടി  സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ക്കാണ് രോഗം. 

കഴിഞ്ഞ മാസം 23 ന് മരിച്ച കണ്ണറവിള സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്തില്‍ കുളിച്ചതിനു ശേഷമാണ് പനി സ്ഥിരീകരിക്കുന്നതും മരിക്കുന്നതും. ഇതേ കുളത്തില്‍ കുളിച്ച മൂന്ന് പേർക്കാണ്  രോഗം കണ്ടെത്തിയാത്.

പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതല്‍ എടുക്കണമെന്നും മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും നിർദേശമുണ്ട്. സ്വയം ചികിത്സ പാടില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസർ മുന്നറിയിപ്പ് നല്‍കി.

മലപ്പുറം ജില്ലയിൽ 2019, 2020 വർഷങ്ങളിലും രോഗബാധ കണ്ടെത്തിയിരുന്നു. 2019-ൽ മൂന്നുപേർ മരിക്കുകയും ചെയ്തു. മതിയായ ചികിൽസയില്ല എന്നതാണ് ഡോക്ടർമാർ  നേരിടുന്ന പ്രശ്നം.

പുഴകളിലും ഒഴുക്ക് കുറവുള്ള കുളങ്ങളിലും ഈ രോഗത്തിന് കാരണമായ ‘നെഗ്ലെറിയ ഫൗലേറി’എന്ന അമീബ പൊതുവേ പുഴകളിലും കുളങ്ങളിലും ഉണ്ടാകാറുണ്ട്. എന്നാൽ ഇവയുടെ വംശവർധനയ്ക്ക് സാഹചര്യമൊരുങ്ങുമ്പോഴാണ് രോഗബാധയ്ക്ക് സാധ്യതയേറുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വളരുന്ന ഇവയ്ക്ക് നല്ല സൂര്യപ്രകാശവും ചൂടുമുള്ള സാഹചര്യം ഏറെ യോജ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.

ഈ അമീബയടങ്ങിയ വെള്ളം കുടിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടാവാറില്ല. എന്നാൽ ഈ വെള്ളം മൂക്കിലായാൽ അതുവഴി അമീബ ശരീരത്തിലേക്ക് കയറും. തലച്ചോറിലെത്തി കോശങ്ങൾ നശിപ്പിക്കുകയും അതുമൂലം തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും ചെയ്യും. തുടക്കത്തിൽ പനി, തലവേദന, ഛർദ്ദി, കഴുത്തുവേദന എന്നീ ലക്ഷണങ്ങളുണ്ടാവും. പിന്നീട് ഓർമയില്ലായ്മ, അപസ്മാരം എന്നിവയുമുണ്ടാവും. പലപ്പോഴും വൈകിമാത്രമാണ് രോഗം സ്ഥിരീകരിക്കാനാവുക. അതുകൊണ്ടുതന്നെ രോഗംബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.

വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്നും ആരോഗ്യ വിദദ്ധർ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News