തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടത് താനല്ലെന്ന് നടൻ മോഹൻലാൽ പറഞ്ഞു.അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാനാവില്ല.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു, ‘അമ്മ’ പ്രസിഡണ്ട് സ്ഥാനം രാജിവെച്ച അദ്ദേഹം.
‘ഞാൻ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് വരാതിരുന്നത്. ഭാര്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. പിന്നെ ബറോസ് എന്ന സിനിമയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വരാതിരുന്നത്.- അദ്ദേഹം പറഞ്ഞു
മറ്റെല്ലാ സ്ഥലത്തും സംഭവിക്കുന്ന കാര്യങ്ങൾ സിനിമയിലും സംഭവിക്കുന്നു. അതിനെ ഞാൻ പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ട് തവണ ആ കമ്മിറ്റിയുടെ മുന്നിൽ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഞാൻ മറുപടി പറഞ്ഞു. ഞാനൊരു നടനാണ്. ഞാനൊരു നിർമാതാവാണ്. എന്റെ സിനിമയെക്കുറിച്ച് അറിയാവുന്നതൊക്കെ പറഞ്ഞു. .
അമ്മ എന്ന് പറയുന്ന അസോസിയേഷൻ, ട്രേഡ് യൂണിയൻ സ്വഭാവമുള്ളതല്ല. അതൊരു കുടുംബം പോലെയാണ്. അഞ്ഞൂറോളം പേരുള്ള ഒരു കുടുംബം.ഞാൻ തുടക്കം മുതൽ അതിലുള്ളയാളാണ്. കഴിഞ്ഞ രണ്ട് തവണ പ്രസിഡന്റായിരുന്നു. ഇപ്പോൾ എന്തുകൊണ്ട് അതിൽ നിന്ന് മാറി എന്ന് ചോദിക്കുമ്പോൾ, ഇതിന് ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തിനും ഏതിനും അമ്മയുടെ കമ്മിറ്റിയെ കുറ്റപ്പെടുത്തുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്. അതിൽ തെറ്റുകളുണ്ടാകാം. അതിനെപ്പറ്റി പിന്നെ സംസാരിക്കാം. അപ്പോൾ അങ്ങനെയുള്ള വിമർശനങ്ങൾ വന്നപ്പോൾ, എല്ലാവർക്കും സംസാരിക്കാനുള്ള വേദിയാകണമെന്ന് കരുതി.
സിനിമയിലെ മുതിർന്നവരുമായൊക്കെ സംസാരിച്ചെടുത്ത തീരുമാനമാണ് മാറിനിൽക്കാമെന്നത്. അമ്മയുടെ പ്രവർത്തനങ്ങളൊന്നും നിർത്തില്ല. ഞങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, അങ്ങനെ പല കാര്യങ്ങളും ചെയ്യാനുണ്ട്. അതിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറിയതല്ല.
സിനിമ മേഖലയിൽ പതിനായിരക്കണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണ്. മറ്റ് ഭാഷകളിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയുടെ മഹത്വമറിയുന്നത്. ദയവ് ചെയ്ത് ഈ സിനിമ മേഖലയെ തകർക്കരുതെന്ന അപേക്ഷയുണ്ട്. സർക്കാരുണ്ട്. കമ്മിറ്റിയുണ്ട്. പൊലീസുണ്ട്. ഇത് കോടതി വരെ എത്തിനിൽക്കുന്ന വിഷയമാണ്. അതിനാൽ ആധികാരികമായി അഭിപ്രായം പറയാൻ കഴിയില്ല. സിനിമ മേഖല മുന്നോട്ട് ചലിക്കണം.- മോഹൻലാൽ പറഞ്ഞു.