ആരോപണ പ്രവാഹം: അമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് ?

കൊച്ചി : മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യിൽ വിമത നീക്ക ശക്തമാവുന്നു. നിലവിലുള്ള ഭരണ സമിതിക്ക് എതിരെ വനിത അംഗങ്ങൾ നടത്തുന്ന പ്രതിഷേധം ഇതിൻ്റെ സൂചനയാണ്.

സംഘടനയുടെ ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും നേതൃത്വം ആലോചിക്കുന്നു. ഇതിനായി നിയമോപദേശം തേടി. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്നും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.

നേതൃനിരയിലെ താരങ്ങൾക്ക് എതിരെ ആരോപണങ്ങൾ വരുന്നതാണ് പുനഃക്രമീകരണത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നത്. നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് വലയ്ക്കുന്നത്.

ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനാവും എന്ന് പ്രതീക്ഷിച്ചിരുന്ന ജോയിൻ്റ് സെക്രട്ടറി ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.

എക്സിക്യൂട്ടീവ് യോഗം മാററിവെച്ചത് പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും നേതൃത്വത്തിലെ താരങ്ങൾക്കെതിരെ വരുന്ന ലൈംഗികാരോപണങ്ങളാണ് പ്രധാന വെല്ലുവിളി ആവുന്നത്.

നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയിൽ വഴിയാണ് പരാതി
ലഭിച്ചത്. പരാതിക്കാരി ഇപ്പോൾ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും.

ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപാത്രമാണെന്നായിരുന്നു വാഗ്ദാനം.

റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. നിരവധി പെൺക്കുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു.

പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും പീഡിപ്പിച്ചെന്നുമാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള പരാതി.

മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് ഒഴിഞ്ഞെങ്കിലും പകരം താൽക്കാലിക ചുമതല നൽകാൻ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു.