ന്യൂഡൽഹി: ദിനചര്യയിൽ മാറ്റം വരുത്തിയപ്പോൾ പ്രമേഹത്തിനുള്ള ഇൻസുലിൻ അടക്കമുള്ള അലോപ്പതി മരൂന്നുകൾ ഉപേക്ഷിക്കാനായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തി.
ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നീ മൂന്ന് കാര്യങ്ങളിൽ നാല് വർഷത്തിനിടെ വരുത്തിയ മാറ്റങ്ങളാണ് ആരോഗ്യം മെച്ചപ്പെടാനും ശരീരഭാരം കുറയാനും സഹായിച്ചത്.
ലോക കരൾ ദിനത്തിൽ ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസവും രണ്ട് മണിക്കൂർ വ്യായാമം, ആറ് മണിക്കൂർ ഉറക്കം എന്നിങ്ങനെ ദിനചര്യ ക്രമീകരിച്ചു. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020 മുതലാണ് ദിനചര്യയിൽ മാറ്റം വരുത്തിയത്. ഇപ്പോള്‍ അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നില്ല. യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.