സതീഷ് കുമാർ വിശാഖപട്ടണം
മലയാള സിനിമയുടെ ആധികാരിക ചരിത്രം എഴുതുന്നവർ ഒരുപക്ഷേ കെ. പി. കൊട്ടാരക്കര എന്ന നിർമ്മാതാവിന് വലിയ സ്ഥാനമൊന്നും നൽകുകയില്ലായിരിക്കാം. എങ്കിലും അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതി നിർമ്മിച്ച 28 സിനിമകളും പ്രേക്ഷകർ കൈകളും നീട്ടി സ്വീകരിച്ചവയായിരുന്നു …
തനി കച്ചവട സിനിമകൾ ആയിരുന്നുവെങ്കിലും ജീവിത ദുഃഖങ്ങളെല്ലാം മറന്ന് രണ്ടര മണിക്കൂർ ശരിക്കും ആസ്വദിക്കുവാനുള്ള എല്ലാ മസാല വിഭവങ്ങളും അദ്ദേഹത്തിന്റെ പ്രിയ സംവിധായകരായ ശശികുമാറും എ.ബി. രാജും ആ സിനിമകളിൽ ഒരുക്കി വെച്ചിട്ടുണ്ടായിരിക്കും.
ശ്രീ ഗണേഷ് പിക്ച്ചേഴ്സ് ആയിരുന്നു കെ.പി. കൊട്ടാരക്കരയുടെ ബാനർ …1926 – ൽ കൊട്ടാരക്കരയിൽ ജനിച്ച ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് കുട്ടൻപിള്ള എന്നായിരുന്നു…
നാടകങ്ങൾ എഴുതി പ്രശസ്തിനേടിയ കെ പി കൊട്ടാരക്കര നീലായുടെ “ആത്മസഖി “എന്ന ചിത്രത്തിന്റെ കഥയെഴുതിക്കൊണ്ടാണ് മലയാളത്തിൽ ശ്രദ്ധേയനായത്. തമിഴിൽ സൂപ്പർ ഹിറ്റുകളായ പാശമലർ, പരിശ് തുടങ്ങിയ ചിത്രങ്ങളുടെ കഥ കെ പി കൊട്ടാരക്കരയുടേതായിരുന്നു.
1965 -ൽ “ജീവിതയാത്ര ” എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മലയാള ചിത്രങ്ങളുടെ നിർമാതാവായി മാറി. തുടർന്ന് പെൺമക്കൾ, റസ്റ്റ് ഹൗസ്, ലങ്കാദഹനം , രക്തപുഷ്പം , സംഭവാമി യുഗേ യുഗേ ,അജ്ഞാതവാസം , ഹണിമൂൺ തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്തു.
മലയാള സിനിമയിലെ പാട്ടുകളുടെ ചരിത്രം ചികയുന്ന ഒരാൾക്കും കെ. പി. കൊട്ടാരക്കരയെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ സിനിമകളിലെ അമൂല്യമായ പാട്ടുകൾ ഒരു തലമുറ മുഴുവൻ ആവേശപൂർവ്വം പാടിനടന്നവയായിരുന്നു.
https://www.youtube.com/hashtag/oldmalayalamsongs
“പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു പത്മരാഗം പുഞ്ചിരിച്ചൂ …
“പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ്വ
വിരൽ തൊട്ടാൽ …..
“യദുകുലരതിദേവനെവിടെ …
( 3 ഗാനങ്ങളും റസ്റ്റ് ഹൗസ് )
https://www.youtube.com/hashtag/malayalamvideosongs
” ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ …
” തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം …
” സ്വർഗ്ഗനന്ദിനി സ്വപ്ന വിഹാരിണി …
നക്ഷത്ര രാജ്യത്തെ
നർത്തനശാലയിലെ …
( 4 ഗാനങ്ങളും ലങ്കാദഹനം)
” നീലക്കുട നിവർത്തി വാനം എനിക്കുവേണ്ടി … “തക്കാളിപഴക്കവിളിൽ … “സിന്ദൂരപൊട്ടുതൊട്ട് …
( 3 ഗാനങ്ങളും രക്തപുഷ്പം)
” ഭഗവാൻ ഭഗവദ് ഗീതയിൽ പാടി സംഭവാമി യുഗേ യുഗേ …
“അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ …
( 2 ഗാനങ്ങളും സംഭവാമി യുഗേ യുഗേ )
“മുത്തു കിലുങ്ങി മണി മുത്തു കിലുങ്ങി … (അജ്ഞാതവാസം) “കരകവിയും കിങ്ങിണിയാറിൻ തീരത്ത് …
“ദേവാ ദേവാ ദിവ്യ ദർശനം നൽകൂ …..
(2 ഗാനങ്ങളും പച്ചനോട്ടുകൾ )
“മല്ലികപ്പൂവിൻ മധുരഗന്ധം
നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം …( ഹണിമൂൺ)
എന്നീ ഗാനങ്ങളെല്ലാം കെ പി കൊട്ടാരക്കര നിർമ്മിച്ച സിനിമകളിലെ ഹിറ്റുകളാണ്. എഴുപതുകളിൽ ചലച്ചിത്ര ഗാനരംഗത്ത് ജൈത്രയാത്ര നടത്തിയ ശ്രീകുമാരൻ തമ്പി – അർജുനൻ ടീമിനെ വാർത്തെടുത്തതിൽ കൊട്ടാരക്കരയ്ക്കുള്ള പങ്ക് നിസ്തുലമായിരുന്നു.
മലയാള സിനിമയിലെ സ്വപ്ന റാണിയായിരുന്ന ജയഭാരതിയെ “പെൺമക്കൾ “എന്ന സിനിമയിലൂടെ മലയാളത്തിൽ പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് ചലച്ചിത്ര ഗാനരംഗത്തെ മുടിചൂടാമന്നനായിരുന്ന
എം .എസ് .വിശ്വനാഥനെ മലയാള സിനിമയിലേക്ക് “ലങ്കാദഹന “ത്തിലൂടെ ആനയിച്ചതും കൊട്ടാരക്കരയുടെ മഹത്തായ സംഭാവനകളിൽപ്പെടുന്നു …
2006 നവംബർ 19-നാണ് കെ.പി. കൊട്ടാരക്കര നിര്യാതനാകുന്നത്.ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം. മലയാള സിനിമക്ക് നിത്യവസന്തങ്ങളായ ഗാനങ്ങളെ സംഭാവന ചെയ്ത ഈ നിർമ്മാതാവിന്റെ ഓർമ്മകൾക്ക് പ്രണാമം….
—————————————————
( സതീഷ് കുമാർ 9030758774 )
Post Views: 211