സതീഷ് കുമാർ
വിശാഖപട്ടണം
ഓണത്തിന്റെ ആവേശം മാനം മുട്ടേ ഉയർത്തി വീണ്ടും ഒരു ഉത്രാടപ്പുലരി . പുതിയ തലമുറയ്ക്ക് ഉത്രാടം വലിയ ആവേശമൊന്നും പകരുന്നില്ലെങ്കിലും ഒരു കാലത്ത്
കുട്ടികൾക്കായിരുന്നു ഈ ദിവസം ഏറ്റവും ഉത്സാഹം പകർന്നിരുന്നതെന്നു തോന്നുന്നു.
ഉത്രാടം പുലർന്നു കഴിഞ്ഞാൽ പിന്നെ പൂ പറിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ബാല്യ കൗമാരങ്ങൾ . പാടത്തും പറമ്പിലും തോട്ടുവക്കുകളിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന വിവിധയിനം പൂക്കൾ ശേഖരിച്ചു കൊണ്ടുള്ള ബാല്യത്തിന്റെ യാത്രകളും കുതൂഹലങ്ങളും എത്ര മനോഹരമായിരുന്നെന്ന് പഴയ തലമുറ ഓർക്കുന്നുണ്ടായിരിക്കും .
പൂവട്ടി നിറയ്ക്കാനുള്ള ആ മത്സരങ്ങളുടെ മാധുര്യവും മാവേലിപ്പാട്ടിന്റെ മനോജ്ഞമായ ഈണങ്ങളും എന്നും മലയാള നാട്ടിൽ ഓണാവേശത്തിന്റെ മന്ദഹാസങ്ങളായിരുന്നു .
“ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായി
പൂത്തിറയാടും ഗ്രാമവസന്തം തിരുമുടിയണിയുകയായ് …..”
https://youtu.be/C2rT1PBgiBE?t=11
എന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയതിൽ നിന്നു തന്നെ ഉത്രാടപ്പൂവിളിയിലലിയുന്ന കേരളീയഗ്രാമവസന്തങ്ങളുടെ ചാരുത തെളിഞ്ഞു വരുന്നുണ്ടല്ലോ …?
1965 – ൽ പുറത്തിറങ്ങിയ“കടത്തുകാരൻ ” എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ ഉത്രാടരാത്രിയുടെ അസുലഭ ഭംഗിയെക്കുറിച്ചാണ് വർണ്ണിക്കുന്നത് .
“മുത്തോലക്കുടയുമായി
മുന്നാഴിമുത്തുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി
തങ്കത്തേരിറങ്ങി …..”
(സംഗീതം എം എസ് ബാബുരാജ്, ആലാപനം പി.ലീല )
എന്നാൽ ഉത്രാടപ്പൂനിലാവിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻ കേരളീയർക്ക് അനുഭവവേദ്യമാ ക്കിയത് ശ്രീകുമാരൻ തമ്പിയാണ്. ഉത്സവഗാനങ്ങൾ എന്ന പേരിൽ പുറത്തിറക്കിയ ഈ മനോഹര ഗാനത്തിനു സംഗീതം പകർന്നത് രവീന്ദ്രൻ മാസ്റ്ററും ആലാപനം യേശുദാസുമായിരുന്നു.
” ഉത്രാടപ്പൂനിലാവേ വാ ഉത്രാടപ്പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല്‍ ചുരത്താന്‍
വാ വാ വാ
(ഉത്രാടപ്പൂനിലാവേ വാ..)
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നു തെരുവിന്‍ മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടു മയങ്ങുന്ന വാമനന്‍മാര്‍
അവര്‍ക്കോണക്കോടിയായ് നീ വാ വാ വാ
(ഉത്രാടപ്പൂനിലാവേ വാ……”
https://youtu.be/XQgGmDEbNIw?t=15
ഓണവും ഉത്രാടവും പൂവിളികളും പൂക്കളങ്ങളുമെല്ലാം മാവേലിനാടിന്റെ മനോഹരമായ
മധുരസ്മരണകൾ തന്നെ . കാലം എത്ര പുരോഗമിച്ചാലും സ്വർഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും സ്വർണ്ണ സോപാനങ്ങളിൽ വസിക്കുമ്പോഴും “ഓണം ” എന്ന ലാവണ്യ സങ്കല്പത്തെ മനസ്സിൽ താലോലിക്കുവാനാണ് ഏതൊരു മലയാളിയും ഇഷ്ടപ്പെടുന്നത്.
പൊന്നോണത്തിന്റെ പൂവിളികൾ ഉയർത്തി വീണ്ടും മലയാളനാട്ടിലേക്കെത്തുന്ന
ഈ ഉത്രാടപ്പുലരിയിൽ “പാട്ടോർമ്മകൾ @365 ” – ൻ്റെ എല്ലാ വായനക്കാർക്കും ഓണാശംസകൾ .
————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 159