സതീഷ് കുമാർ
വിശാഖപട്ടണം
ഭക്തിസാന്ദ്രമായ ഗാനങ്ങളാൽ സമ്പന്നമായിരുന്നു നമ്മുടെ ചലച്ചിത്ര ഗാനശാഖ.
ഹൈന്ദവ ഭക്തിഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ധാരാളമുണ്ടെങ്കിലും മുസ്ലിം ഭക്തിഗാനങ്ങൾ മലയാളത്തിൽ താരതമ്യേന വളരെ കുറവാണ്. ഒരുപക്ഷേ വിഗ്രഹാരാധനയുടെ അഭാവമായിരിക്കാം അതിനു കാരണമെന്ന് തോന്നുന്നു.
1981- ൽ പുറത്തുവന്ന “സഞ്ചാരി “എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി എഴുതിയ
“റസൂലേ നിൻ കനിവാലേ
റസൂലേ നിൻ വരവാലേ
പാരാകെ പാടുകയായ്
വന്നല്ലോ റബ്ബിൻ ദൂതൻ
റസൂലേ നിൻ കനിവാലേ
റസൂലേ റസൂലേ റസൂലേ നിൻ വരവാലേ റസൂലേ റസൂലേ
താഹാ..”
എന്ന ഗാനം മുസ്ലിം ഭക്തി ഗാനവിഭാഗത്തിൽ പെടുത്താവുന്നതാണ്.
https://youtu.be/OT0TBFkPJk4?t=12
ദേവഭാഷയായ സംസ്കൃതത്തിലും മലയാളത്തിലും ഒരേ സമയം ഗാനങ്ങളെഴുതി ദേശീയ ബഹുമതി വരെ നേടിയ പ്രസിദ്ധ കവി യൂസഫലി കേച്ചേരി എഴുതിയ ഗാനമാണ്
“റസൂലെ നിൻ കനിവാലെ……”
ദൈവത്തിന്റെ ദൂതനായ പ്രവാചകന്റെ പാരിലേക്കുള്ള വരവിനെക്കുറിച്ചുള്ള
ഈ ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. ഗാനഗന്ധർവൻ യേശുദാസാണ് ഈ പാട്ടിന്ന് സംഗീതം നൽകിയിരിക്കുന്നത്.
കെ.പി. ഉമ്മറും ശാന്തകുമാരിയും ഗാനരംഗത്തിൽ അഭിനയിച്ചു.എക്സൽ പ്രൊഡക്ഷസിനു വേണ്ടി ബോബൻ കുഞ്ചാക്കോ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച “സഞ്ചാരി ”
എന്ന ചിത്രം മലയാളസിനിമാത്തറവാട്ടിലെ നാലു തലമുറയിൽപ്പെട്ട സൂപ്പർ താരങ്ങളുടെ അപൂർവ്വസംഗമം കൂടിയായിരുന്നു.
ആദ്യ തലമുറയിലെ തിക്കുറിശ്ശി സുകുമാരൻ നായരും രണ്ടാമത്തെ തലമുറയിൽ നിന്ന് നിത്യവസന്തമായ പ്രേംനസീറും മൂന്നാമത്തെ തലമുറയിൽപെട്ട ജയനും നാലാംതലമുറക്കാരനായ മോഹൻലാലുമായിരുന്നു ആ നാലു കാലഘട്ടങ്ങളിലെ നടന്മാർ .
ശാരംഗപാണിയുടേതായിരുന്നു കഥയും തിരക്കഥയും സംഭാഷണങ്ങളും .യൂസഫലി കേച്ചേരി എഴുതി യേശുദാസ് സംഗീതം പകർന്ന ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ ഇവയായിരുന്നു .
“തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം … ” (ആലാപനം യേശുദാസ്, ജാനകി )
“ശ്യാമധരണിയിൽ ഗാനസരണിയിൽ … “
(യേശുദാസ്)
“അനുരാഗവല്ലരി
കടിഞ്ഞൂൽ കായ്ച്ചു …”
( യേശുദാസ് , ജാനകി )
കമനീയമലർ മേനി കണ്ടാൽ … “
( വാണിജയറാം , സുശീല )
” ഇവിടെ മനുഷ്യനെന്തു വില …” ( യേശുദാസ് )
“കർപ്പൂരദീപം തെളിഞ്ഞു …”
(സുജാത)
https://youtu.be/hjJb_9lzmX8?t=6
1981 ഫെബ്രുവരി 26ന് പുറത്തിറങ്ങിയ “സഞ്ചാരി ” എന്ന ചിത്രത്തിന് 43 വയസ്സ് പൂർത്തിയാവുകയാണ്.
ഈ ചിത്രം പുതു തലമുറയിൽ പെട്ട പലരും കണ്ടിട്ടില്ലെങ്കിലും
” റസൂലേ നിൻ കനിവാലെ … ” എന്ന അനശ്വരഗാനം കാലാതിവർത്തിയായി
സംഗീതപ്രേമികൾ ഇന്നും പാരാകെ പാടുകയാണല്ലോ !
————————————————————————————
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 243