സതീഷ് കുമാർ
വിശാഖപട്ടണം
പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” എന്ന സിനിമയുടെ പ്രാരംഭജോലികൾ നവോദയ സ്റ്റുഡിയോയിൽ നടക്കുന്ന കാലം .
ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കാൻ ആയിടെ “ഒരുതലൈരാഗം ” എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ രവീന്ദ്രൻ എന്ന നടനെയാണ് സംവിധായകനായ ഫാസിൽ മനസ്സിൽ കണ്ടിരുന്നത് . എന്നാൽ രവീന്ദ്രന് തമിഴ് സിനിമയിൽ തിരക്കേറിയതോടെ ആ റോളിലേക്ക് പുതിയൊരു നടനെ തേടുകയല്ലാതെ നിവൃത്തിയില്ലെന്നായി .
അങ്ങനെ പത്രത്തിൽ ഒരു പരസ്യം കൊടുക്കുന്നു.മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനാകാൻ വന്ന ഒട്ടേറെ ചെറുപ്പക്കാരിൽ നിന്നും കയ്യിലൊരു കാലൻ കുടയും പിടിച്ച് ഇടത്തോട്ട് അല്പം ചെരിഞ്ഞു നടക്കുന്ന തിരുവനന്തപുരം മുടവൻമുകൾ സ്വദേശിയായ പയ്യന് ജഡ്ജിങ് പാനലിലെ ഫാസിലും ,ജിജോയും , ഗാനരചയിതാവ് എ പി ഗോപാലനും അഞ്ചിലധികം മാർക്ക് കൊടുത്തപ്പോൾ സിബി മലയിൽ കൊടുത്തത് പത്തിൽ വെറും രണ്ട് മാർക്ക് മാത്രമായിരുന്നത്രെ !
സിബി മലയിൽ രണ്ടു മാർക്ക് മാത്രം കൊടുത്ത ആ പയ്യൻ , പിന്നീട് അദ്ദേഹത്തിന്റെ തന്നെ
കരസ്പർശത്താൽ മലയാളത്തിലെ ഏറ്റവും ഉജ്ജ്വലമായ ചലച്ചിത്ര കാവ്യങ്ങളിലൂടെ മിന്നിത്തിളങ്ങുകയും മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതുകയും ചെയ്ത മോഹൻലാലായിരുന്നു .
ലാലിന്റെ അഭിനയ ജീവിതത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന “കിരീടം ” അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത സിബിയുടെ സംവിധാന മികവിലൂടെയാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം “ഭരത “ത്തിലൂടെ നേടിയെടുത്തത്..അതാണ് സിനിമയുടെ ഇന്ദ്രജാലം .
” ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ,ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം ,ദശരഥം, അങ്ങിനെ സിബിമലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം മലയാളികൾക്ക് എന്നുമെന്നും മനസ്സിൽ ഓമനിക്കാവുന്ന സിനിമകളായത് ഇന്നലെകളുടെ കോരിത്തരിപ്പിക്കുന്ന ചരിത്രം.
കോളേജിൽ പഠിക്കുന്ന കാലത്തേ സിനിമയോട് വലിയ അഭിനിവേശം കാണിച്ച സിബി മലയിൽ സിനിമ പഠിക്കാനാണ് നവോദയായിൽ എത്തുന്നത്. 1985-ൽ മുകേഷ് നായകനായ “മുത്താരംകുന്ന് പി ഒ ” എന്ന ചിത്രത്തോടെ ഈ ചെറുപ്പക്കാരൻ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറി …
ഇന്ത്യയിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായ ധാരാസിങ്ങിനെ ഈ സിനിമയിലൂടെ മലയാള സിനിമയിൽ എത്തിക്കാനും സിബിക്കു കഴിഞ്ഞു. 1986 – ൽ മോഹൻലാലും മേനകയും അഭിനയിച്ച ” ദൂരെ ദൂരെ ഒരു കുടു കൂട്ടാം ” എന്ന ചിത്രം സാമൂഹിക ക്ഷേമത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയതോടെ സിബിമലയിൽ എന്ന സംവിധായകനെ മലയാള ചലച്ചിത്രവേദി ശ്രദ്ധിക്കാൻ തുടങ്ങി.
ഈ സമയത്താണ് ചാലക്കുടിക്കാരനായ എ കെ ലോഹിതദാസ് എന്ന നാടകകൃത്തിനെ നടൻ തിലകൻ സിബിമലയിലിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ലോഹിയുടെ എഴുത്തിന്റെ വശ്യതയും ഗാംഭീര്യവും സൗന്ദര്യവും മനസ്സിലാക്കിയ സിബിയാണ് തനിയാവർത്തനത്തിലൂടെ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനെ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത്.
അതോടെ സിബി മലയിൽ, ലോഹിതദാസ് കൂട്ടുകെട്ട് പിറവിയെടുക്കുകയും മലയാളസിനിമ ഒരു വസന്തകാലത്തിന്റെ നവചക്രവാളങ്ങളിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു .
“എന്റെ വീട് അപ്പൂന്റേയും “എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം നേടിയ സിബിമലയിൽ ഇതിനകം 45 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
മനോഹരമായ ഗാനങ്ങളായിരുന്നു സിബിയുടെ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത.
രവീന്ദ്രൻ മാസ്റ്ററും ജോൺസണുമെല്ലാം തീർത്ത സിബിയുടെ ചിത്രങ്ങളിലെ ഗാനങ്ങൾ ഒന്ന് ഓർത്തെടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു .
“പ്രമദവനം വീണ്ടും … “
( ഹിസ് ഹൈനസ് അബ്ദുള്ള)
https://youtu.be/HJ9njZumF9M?t=7
” കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി … “
( കിരീടം )
” ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ …”
( ധനം )
” ഗോപാംഗനേ ആത്മാവിലെ … “
(ഭരതം )
“രാപ്പാടി കേഴുന്നുവോ …”
(ആകാശദൂത് )
” കൈക്കുടന്ന നിറയെ തിരുമധുരം തരാം ..”.(മായാമയൂരം )
“മധുരം ജീവാമൃതബിന്ദു …”
(ചെങ്കോൽ )
“കണ്ണാടിക്കൂടും കൂട്ടി … “
( പ്രണയവർണ്ണങ്ങൾ )
“വെണ്ണിലാക്കൊമ്പിലെ
രാപ്പാടി … “
( ഉസ്താദ് )
“കേരനിരകളാടും …”
( ജലോത്സവം)
“ആനന്ദനടനം ആടിനാൻ…”
(കമലദളം )
“മന്ദാരച്ചെപ്പുണ്ടോ … “
( ദശരഥം )
എന്നിവയെല്ലാം സിബി മലയിലിന്റെ ചിത്രങ്ങളിലെ ശ്രുതിമധുരമായ ഗാനങ്ങളാണ് .
1956 മെയ് 2 – ന് ആലപ്പുഴയിൽ ജനിച്ച സിബിയുടെ പിറന്നാളാണിന്ന്.
മലയാള സിനിമയ്ക്ക് എന്നും അന്തസ്സും ആഭിജാത്യവുമുള്ള ചിത്രങ്ങൾ മാത്രം കാഴ്ചവച്ച ഈ പ്രശസ്ത സംവിധായകന് നിറഞ്ഞമനസ്സോടെ ജന്മദിനാശംസകൾ നേരുന്നു
————————————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————————— —————————— —–
Post Views: 344