December 21, 2024 7:20 pm

സഖാക്കളേ മുന്നോട്ട് … മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …

സതീഷ് കുമാർ വിശാഖപട്ടണം

 

കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന ആലപ്പുഴ പട്ടണത്തിലും പരിസരത്തുമുള്ള ഭൂസ്വത്തുക്കൾ മുഴുവനും ആ കാലഘട്ടത്തിൽ ഏതാനും ജന്മികളുടെ കൈവശത്തിലായിരുന്നു.

കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ബീഡി തൊഴിലാളികളുമെല്ലാം ഇവരുടെ കൊടിയ ചൂഷണത്തിലൂടെ പൊറുതിമുട്ടിയാണ് അന്ന് ജീവിച്ചിരുന്നത്.

ഈ സമയത്ത് കമ്മ്യൂണിസ്റ്റ പാർട്ടി തൊഴിലാളികളുടെ യാതനകൾക്കറുതിവരുത്താനായി മുന്നോട്ടുവന്നതോടെ ഭൂരിഭാഗം തൊഴിലാളികളും പാർട്ടി അനുഭാവികളായി മാറി … ജന്മിമാർക്കും തിരുവിതാംകൂർ മഹാരാജാവിനും എതിരായി തിരിഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നേരിടാൻ തന്നെ തിരുവതാംകൂറിന്റെ ദിവാനായിരുന്ന സർ സി പി തിരുമാനിച്ചു .

അങ്ങനെയാണ് കൊല്ലവർഷം 1122 തുലാമാസം 7-ാം തീയ്യതി ചരിത്രപ്രസിദ്ധമായ പുന്നപ്ര വെടിവെപ്പ് നടക്കുന്നത്. വാരിക്കുന്തങ്ങളുമായി സിപിയുടെ പട്ടാളത്തെ നേരിട്ട നൂറുകണക്കിന് സഖാക്കൾ അവിടെ പിടഞ്ഞുവീണു മരിച്ചു. ഒരു സബ് ഇൻസ്പെക്ടർ അടക്കം ഏതാനും പോലീസുകാർ കൊല്ലപ്പെട്ടതോടെ സർ സിപി എങ്ങനെയും കമ്മ്യൂണിസ്റ്റുകാരെ അടിച്ചമർത്തുക എന്ന കിരാത നടപടിയിലേക്ക് നീങ്ങി.

ഇതിന്റെ അനുരണനമായിരുന്നു തുലാമാസം 10-ാം തീയ്യതി ആലപ്പുഴയിലെ വയലാറിൽ ഒത്തുകൂടിയ ഇരുനൂറോളം കമ്മ്യൂണിസ്റ്റ് സഖാക്കൾക്കെതിരെ നാലുപാടും നിന്നും ബോട്ടിലൂടെ ഇരച്ചെത്തിയ പോലീസ് നടത്തിയ നരനായാട്ട് …

ചുവന്ന' സിനിമകളിലൂടെ: കുഞ്ചാക്കോയുടെ 'പുന്നപ്ര വയലാര്‍' | Cinema | Deshabhimani | Monday Jul 12, 2021

കേരളത്തിന്റെ മന:സാക്ഷിയെ പിടിച്ചുലച്ച സമാനതകളില്ലാത്ത ഈ കിരാത ചരിത്രമാണ് ” പുന്നപ്ര വയലാർ ” എന്ന സിനിമക്ക് ആധാരമായത്. വാർത്താപ്രാധാന്യം നേടുന്ന കലാസൃഷ്ടികളും സമകാലീന സംഭവങ്ങളും ചലച്ചിത്രങ്ങളാക്കി വൻവിജയം കൊയ്തെടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഉദയായുടെ ജീവാത്മാവായ കുഞ്ചാക്കോ .

ആ ശ്രേണിയിൽപ്പെടുന്ന ഭാര്യ, മൈനത്തരുവി കൊലക്കേസ് എന്നീ ചിത്രങ്ങൾക്കുശേഷം കുഞ്ചാക്കോ കണ്ടെത്തിയ പുതിയ വിഷയമായിരുന്നു “പുന്നപ്ര വയലാർ ” സമരം. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ആ ചരിത്ര സംഭവം 1968-ൽ അങ്ങനെ ചലച്ചിത്രരൂപം കൈവരിച്ചു.

Punnapra Vayalar Malayalam Full Movie | M Kunchacko | Prem Nazir | sheela | Adoor Bhasi | Sharada - YouTube

ഇന്ന് ആ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആയിരമായിരം തൊഴിലാളി സഖാക്കളെ ആവേശം കൊള്ളിച്ച

” സഖാക്കളേ മുന്നോട്ട് …. മുന്നോട്ട് ……മുന്നോട്ട് …. മുന്നോട്ട് …..”
എന്ന പ്രസിദ്ധ ഗാനമാണ് ഓർമ്മ വരുന്നത്…

വയലാർ എഴുതി കെ.രാഘവൻ മാസ്റ്റർ ഈണം പകർന്ന് യേശുദാസും സംഘവും പാടിയ ഈ ഗാനം ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് എന്നും ആവേശം പകരുന്ന വിപ്ലവ ഗാനം തന്നെയാണ്.

” തൊഴിലാളികളെ തൊഴിലാളികളെ
മനസ്സിൽ വിപ്ലവതിരകളിരമ്പിടും
അലയാഴികളെ അലയാഴികളെ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട് ….

അടുത്ത വരികൾ മണ്ണിനെ പൊന്നാക്കുന്ന കർഷക തൊഴിലാളികളെ സംബോധന ചെയ്തു കൊണ്ടാണ്…

“വസന്തപുഷ്പാഭരണം
ചാർത്തിയ വയലേലകളിൽ വയലേലകളിൽ
വിയർപ്പുമുത്തുകൾ നമ്മൾ
തൂകിയ പണിശാലകളിൽ
പണിശാലകളിൽ
നമ്മളുയർത്തുക നമ്മളുയർത്തുക
നമ്മുടെ ധീരപതാക
മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …

കേരളത്തിൽ ഈ കർഷക സമരം നടക്കുമ്പോൾ ഇന്ത്യ സാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ജ്വലിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ യുഗപ്രഭാവനായ വയലാർ അടുത്ത വരികൾക്ക് സ്വാതന്ത്ര്യ സമരഗീതത്തിന്റെ ആവേശം പകർന്നു നൽകാൻ മടിച്ചില്ല ..

“പരദേശികളുടെ അധികാരക്കൊടി അറബിക്കടലിൽ
അറബിക്കടലിൽ
അവരുടെ തോക്കുകൾ
തൂക്കുമരങ്ങൾ അറബിക്കടലിൽ
അറബിക്കടലിൽ
പുത്തൻകലവും പൊന്നരിവാളും
പുതിയ പ്രതിജ്ഞയുമായി
മുന്നോട്ട് മുന്നോട്ട് മുന്നോട്ട് …

സമര മുഖങ്ങളിൽ ജീവിതം ഹോമിച്ച രക്തസാക്ഷികളേയും വയലാർ വിസ്മരിക്കുന്നില്ല ….

” രക്തസാക്ഷികളെ
രക്തസാക്ഷികളെ
രണാങ്കണങ്ങളിൽ ഇന്ത്യ വിടർത്തിയ രാജമല്ലിപൂക്കളെ
രാജമല്ലിപൂക്കളെ
നിങ്ങളെ അന്ത്യശ്വാസമുയർന്നു
കൊടുങ്കാറ്റൂതിയ മണ്ണിൽ
ഞങ്ങളുയർത്തുകയല്ലോ
ഭാരതസങ്കരധീരപതാക
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
സഖാക്കളേ സഖാക്കളേ സഖാക്കളേ …

മലയാളത്തിൽ രചിക്കപ്പെട്ട ഏറ്റവും ഉജ്ജ്വലമായ വിപ്ലവ ഗാനങ്ങളിൽ ഒന്നാണിത്.

ഇന്ന് വയലാറിന്റെ മണ്ണിനെ ചുവപ്പണിയിച്ച ഒരു കിരാത സംഭവത്തിന്റെ എഴുപത്തിയേഴാം വാർഷിക ദിനത്തിൽ ആ മണ്ണിൽ നിന്നും ഉയർന്നുവന്ന് മലയാള ചലച്ചിത്രഗാനരചനാലോകത്തെ ചക്രവർത്തിയായി മാറിയ വയലാർ രാമവർമ്മ എഴുതിയ ഈ ഗാനം ചരിത്രത്തിന്റെ കുളമ്പടികൾക്ക് പുളകം ചാർത്തിക്കൊണ്ട് ഓർമ്മകളിലേക്ക് ഓടിയെത്തുന്നു…

——————————————————–

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News