സതീഷ് കുമാർ വിശാഖപട്ടണം
വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന “അമ്മാളു കൊലക്കേസ് ” കേരള സാമൂഹ്യ രംഗത്ത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു…
സമൂഹത്തിൽ വിലയും നിലയുമുള്ള ഒരു കോളേജ് പ്രൊഫസർ തന്റെ പ്രണയ സാഫല്യത്തിനായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമായിരുന്നു അമ്മാളു കൊലക്കേസ്സ് . ഏകദേശം ഒരു മാസത്തോളം കേരളത്തിലെ പത്രമാധ്യമങ്ങളുടെ സ്ഥിരം തലക്കെട്ട് അമ്മാളു കൊലക്കേസിനെക്കുറിച്ചു മാത്രമായിരുന്നു എന്നറിയുമ്പോൾ ഈ കൊലക്കേസ് കേരളത്തിൽ സൃഷ്ടിച്ച പ്രകമ്പനം എത്രയായിരുന്നുവെന്ന് ഊഹിക്കാമല്ലോ ….?
വിവാദമായ ഈ സംഭവത്തെ ആസ്പദമാക്കി ജനപ്രിയ നോവലിസ്റ്റ് കാനം ഇ.ജെ ഒരു നോവലെഴുതി. നോവലിന്റെ പേര് “ഭാര്യ…”ഈ സംഭവ കഥ ചലച്ചിത്രമാക്കിയാൽ സൂപ്പർ ഹിറ്റായി മാറുമെന്ന് കണക്ക് കൂട്ടിയത് കച്ചവടത്തിൽ അട്ടയുടെ കണ്ണ് കണ്ട ഉദയായുടെ കുഞ്ചാക്കോയായിരുന്നു.
അങ്ങനെ കാനം ഇ.ജെ.യുടെ “ഭാര്യ “എന്ന നോവൽ ഉദയ ചലച്ചിത്രമാക്കുന്നു . തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ പൊൻകുന്നം വർക്കി ..
സത്യനും രാഗിണിയുമായിരുന്നു ചിത്രത്തിലെ നായികാ നായകന്മാർ …. ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യു പി ഗ്രേസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പിന്നീട് യുവാക്കളുടെ ഹരമായി മാറിയ രാജശ്രീ എന്ന തെലുഗു നടി ….
ചതുരംഗത്തിലൂടെ ഗാനരചന രംഗത്ത് ഒന്നിച്ച വയലാർ-ദേവരാജൻ ടീമിന്റെ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത് മ്യൂസിക്കൽ ഹിറ്റായി മാറിയ ഭാര്യ എന്ന ചിത്രത്തിലൂടെയാണ്. സിനിമ തുടങ്ങുന്നത് തന്നെ കേരളക്കരയെ കോരിത്തരിപ്പിച്ച
“പെരിയാറേ
പെരിയാറേ
പർവ്വതനിരയുടെ പനിനീരേ….”.
എന്ന എ.എം. രാജയും സുശീലയും പാടിയ ഗാനത്തോടെ ആയിരുന്നു.
https://www.youtube.com/watch?v=ZA65FhXEcOM
“പഞ്ചാരപ്പാലുമിഠായി …. (യേശുദാസ് ,സുശീല ,രേണുക )
“കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു കണ്ണാടി മാളിക തീർത്തു ….. (എസ്.ജാനകി )
“മനസ്സമ്മതം തന്നാട്ടെ
മധുരം കിള്ളി തന്നാട്ടെ … (എ.എം.രാജ , ജിക്കി )
“ലഹരി ലഹരി ലഹരി… (എ.എം.രാജ , ജിക്കി ) “മുൾക്കിരീടമിതെന്തിനു തന്നു … (സുശീല )
” ദയാപരനായ കർത്താവേ …. (യേശുദാസ് )
” ഓമനക്കൈയിലൊരൊലിവില ക്കമ്പുമായ് …. (സുശീല )
“ആദം ആദം ആ കനി തിന്നരുത് ….. (യേശുദാസ് , സുശീല ) എന്നിവയായിരുന്നു ഭാര്യയിലെ മറ്റു പാട്ടുകൾ ….
ഒരു കാലത്ത് തിയേറ്ററുകളിൽ ലഭിക്കുമായിരുന്ന സംഗീത പ്രേമികളുടെ ആവേശമായ ” സിനിമാപാട്ടുപുസ്തകം ” വില്പനയിൽ റെക്കോർഡിട്ടത് ഭാര്യയുടെ പേരിലായിരുന്നുവെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
മലയാള സിനിമയിൽ ആദ്യമായി ഒരു സിനിമയുടെ ശബ്ദരേഖ ഗ്രാമഫോൺ റെക്കോർഡിൽ പുറത്തിറയതും ഈ ചിത്രത്തിന്റെ ഒരു ചരിത്രനേട്ടമാണ് …
1962 ലെ ക്രിസ്തുമസിനോട നുബന്ധിച്ച് ഡിസംബർ 20-നാണ് “ഭാര്യ ” എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മലയാള സിനിമയുടെ ചരിത്ര ഗതികൾ മാറ്റിയെഴുതിയ ഈ ചിത്രത്തിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ …..
ഓർമകൾക്ക് എന്തൊരു സുഗന്ധം…..
————————————————————–
സതീഷ് കുമാർ : 9030758774
————————————————————–
Post Views: 214