January 3, 2025 2:15 am

നൂറു കോടിയുടെ തട്ടിപ്പ്; തമിഴ്‌നാട് മുൻ മന്ത്രി അറസ്ററിൽ

തൃശ്ശൂർ : അണ്ണാ ഡി.എം.കെ നേതാവും തമിഴ് നാട്ടിലെ മുൻ മന്ത്രിയുമായ എം.ആർ.വിജയഭാസ്കറിനെ 100 കോടി രൂപയുടെ ഭൂമിതട്ടിപ്പ് കേസിൽ തൃശൂർ പീച്ചിയിലെ ഒളിസങ്കേതത്തിൽ നിന്നും തമിഴ്നാട് സി.ബി.സി.ഐ‌.‌ഡി പൊലീസ് അറസ്റ്റു ചെയ്തു.

പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും കൂട്ടുപ്രതിയായ പ്രവീണിനൊപ്പമായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

എടപ്പാടി മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു വിജയഭാസ്കർ . ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി രണ്ടുതവണ തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെ അദ്ദേഹം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ ഭൂമി വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വഞ്ചിച്ച് കൈക്കലാക്കിയെന്നാണ് കേസ്. ജൂൺ 22ന് വംഗൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയഭാസ്‌കറും സഹോദരൻ ശേഖറും ഉൾപ്പെടെ 13 പേർ പ്രതികളാണ്.

കരൂർ സ്വദേശി സ്ഥലമുടമയുമായ എം പ്രകാശിന്റെ പരാതിയോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. വിജയഭാസ്‌കറും കൂട്ടാളികളും തന്റെ ഭാര്യേയും മകളേയും ഭീഷണിപ്പെടുത്തി 100 കോടി രൂപ വിലമതിക്കുന്ന തന്റെ 22 ഏക്കർ ഭൂമി വ്യാജരേഖ ചമച്ച് നാലുപേർക്കായി തട്ടിയെടുത്തുവെന്നായിരുന്നു പ്രകാശിന്റെ പരാതി. 2016 മുതൽ 2021 വരെ കരൂരിലെ എം.എൽ.എകൂടിയായിരുന്നു വിജയഭാസ്കർ. 2021ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെയിലെ സെന്തിൽ ബാലാജിയോട് തോററു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News