December 26, 2024 8:07 pm

ബാങ്ക് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്: എസ്എഫ്ഐ ജില്ലാ സെക്രട്ടറി വീഡിയോയില്‍ കുടുങ്ങി

പത്തനംതിട്ട: പത്തനംതിട്ട സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ അടക്കമുള്ളവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫാണ് വിജയിച്ചത്. എല്‍ഡിഎഫ് ഒരു സീറ്റില്‍ മാത്രം വിജയിച്ചു. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് കള്ളവോട്ട് ആരോപണവുമുയര്‍ന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പത്തനംതിട്ട നഗര പരിധിയിലെ സഹകരണ ബാങ്കില്‍ വോട്ടെടുപ്പ് നടന്നത്. നഗര പരിധിയിലുള്ളവര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാല്‍ തിരുവല്ലയില്‍ താമസിക്കുന്ന അമല്‍ ഇവിടെയെത്തി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അമല്‍ അഞ്ച് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെത്തിയതെന്നാണ് അമലിന്റെ ആദ്യ വിശദീകരണം. ഇത് തള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്.

വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ യുഡിഎഫ് കള്ളവോട്ട് ചെയ്തെന്നാരോപിച്ച് എല്‍ഡിഎഫും രംഗത്തെത്തി. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി എ. സുരേഷ് കുമാര്‍ ഇക്കാര്യം തുറന്നുപറയുന്ന വീഡിയോയാണ് സിപിഎം പുറത്ത് വിട്ടത്. കള്ളവോട്ടും തെമ്മാടിത്തരവും കാണിക്കാന്‍ ഇവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും അറിയാം എന്ന് കാണിച്ചുകൊടുത്ത തെരഞ്ഞെടുപ്പാണിതെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. ബാങ്ക് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം വൈകിട്ട് നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലെ പ്രസംഗത്തിലാണ് കള്ളവോട്ട് ചെയ്ത കാര്യം സുരേഷ് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News