January 3, 2025 1:50 pm

പോലീസ് – ആർ എസ് എസ് കൂടിക്കാഴ്ച അന്വേഷിക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ക്രമസമാധാനത്തിൻ്റെ ചുമതലയുള്ള എ ഡി ജി: പി എം ആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ, ബി ജെ പി ദേശീയ നേതാവ് രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്.

സംസ്ഥാന പോലീസ് മേധാവിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

ആരോപണം ഉയർന്ന് 20 ദിവസത്തിനു ശേഷം ആണ് ഉത്തരവ് പുറത്ത് വരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആയിരുന്നു ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു കൂടിക്കാഴ്ച വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിൻ്റെ മൊഴി പോലീസ് വൈകാതെയെടുക്കും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്. അതേസമയം, ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ദുരൂഹമായി തുടരുകയാണ്.

അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടു എന്ന വാര്‍ത്തയില്‍ സ്ഥിരീകരണം വന്നതോടെ രാഷ്ട്രീയം  കലുഷിതമായിരുന്നു. തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ജയം, തൃശൂര്‍ പൂരം കലക്കൽ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം ഉയര്‍ത്തിയപ്പോൾ, സിപിഐ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുതല്‍ തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥിയായിരുന്ന മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ വരെ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം എന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.

കൂടിക്കാഴ്ച ദുരൂഹമാണ്, അര്‍എസ്എസിനും എല്‍ഡിഎഫിനും തമ്മില്‍ ഒന്നും പങ്കുവയ്ക്കാനില്ല. എല്‍ഡിഎഫിന്റെ ചെലവില്‍ ഒരുദ്യോസ്ഥരും ആരുമായും കൂടിക്കാഴ്ച നടത്തേണ്ടതില്ല. വിജ്ഞാന ഭാരതി പ്രതിനിധിയുടെ കൂടെ പോയി എന്ത് വിജ്ഞാനമാണ് പങ്കുവയ്ക്കാനുള്ളത് എന്നും ബിനോയ് വിശ്വം ചോദിച്ചിരുന്നു.

പൂരം കലക്കുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന ആരോപണം നേരത്തെ തന്നെ താന്‍ ഉന്നയിച്ചിരുന്നുവെന്ന് സുനിൽകുമാർ പറയുന്നു.  കലക്കിയത് ആരാണ് എന്ന് പുറത്തുവരണം. പുരം കലക്കിയതിന് പിന്നില്‍ പോലീസാണെന്ന് നേരത്തെയും പറഞ്ഞിട്ടുണ്ട്. അതിൻ്റെ ഒരു വശത്ത് ആര്‍എസ്എസ് ഉണ്ടെന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, എഡിജിപിയുടെ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്തയോട് വ്യക്തമായ പ്രതികരണം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തയ്യാറായിരുന്നില്ല. എഡിജിപി ആരെങ്കിലുമായി കൂടിക്കാഴ്ച നടത്തിയാല്‍ അതിന് പാര്‍ട്ടി എന്ത് ചെയ്യും എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗോവിന്ദന്‍ പറഞ്ഞത്.

സി പി എം സ്വതന്ത്ര എം എൽ എ : പി വി അന്‍വര്‍ എംഎല്‍എ തുടങ്ങിവച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

2023 മേയില്‍ 22 ന് പാറമേക്കാവ് വിദ്യാമന്തിര്‍ സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപിനിടെ ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എഡിജിപിയുടെ വിശദീകരണം. സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. സഹപാഠിയായ ഇയാളുടെ ക്ഷണം സ്വീകരിച്ചായിരുന്നു ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയെ കണ്ടത് എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News