April 22, 2025 1:55 pm

പോലീസ് ഉന്നതരുടെ പീഡനം: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി

കൊച്ചി: മലപ്പുറം മുൻ എസ്.പി, ഡി.വൈ.എസ്.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവടങ്ങിയ  ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

ആരോപണ വിധേയനായ സർക്കിള്‍ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ നല്‍കിയ ഹർജിയെ തുടർന്നാണ് ഈ നടപടി. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച്‌ പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നത്.

ഹൈകോടതി ഉത്തരവ് പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി എസ്.പി സുജിത്ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ വിനോദ് അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ വിനോദ് ഹൈകോടതിയില്‍ ഹരജി നല്‍കി. സിംഗിൾ ബെഞ്ചിന് ഇത്തരം നിർദേശം നല്‍കാൻ അധികാരമില്ലെന്നും മജിസ്ട്രേറ്റിന്റെ മാത്രം തീരുമാന പ്രകാരമാകണം കേസെടുക്കേണ്ടതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാണിച്ചു.

പരാതിക്കാരി കേസ് നല്‍കിയ സാഹചര്യം, മറ്റ് പരാതികള്‍, മുൻകാല സംഭവങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.സുജിത്ദാസിന് എതിരെ രംഗത്ത് വരാൻ ധൈര്യം പകർന്നത് നിലമ്പൂർ എം എൽ എ: പി.വി. അൻവർ ആണെന്നും പരാതിക്കാരി പറഞ്ഞിരുന്നു. അൻവർ ഇത് വൻ വിവാദമാക്കി കൊണ്ടുവരുകയും ചെയ്തിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈകോടതി സിംഗ്ള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ വീട്ടമ്മയുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളാണെന്നുമാണ് സർക്കാർ സമർപ്പിച്ച റിപ്പോർട്ട്.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. പൊലീസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാല്‍ സർക്കാർ വാദം തള്ളിയ സിംഗിള്‍ ബെഞ്ച്, പരാതി പരിശോധിച്ച്‌ കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ തന്നെ അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂർ ഡിവൈ.എസ്.പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളില്‍ പരാതിപ്പെടാൻ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്‌ദാസ് ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News