January 3, 2025 3:30 pm

പിണറായിക്ക് വെല്ലുവിളി; വെടിവെച്ച് കൊല്ലേണ്ടി വരും: അൻവർ

നിലമ്പൂർ: സി പി എമ്മിനെ രാഷ്ടീയ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് വിമത എം എൽ എ: പി വി അൻവറിൻ്റെ പൊതുസമ്മേളനത്തിലെ വെല്ലുവിളി. പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെക്കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നെ എം.എൽ.എ. ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്- അൻവർ പറഞ്ഞു.

അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു സമ്മേളന സ്ഥലത്തേക്ക് അദ്ദേഹത്തെ വരവേറ്റത്. സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏര്യാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ.സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു.

ഒരാള്‍ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നതെന്ന് അൻവർ പറഞ്ഞു. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.

ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‍ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

കേരളം സ്ഫോടനാത്മകമായ അവസ്ഥയിൽ നിൽക്കുകയാണ്. പൊലീസുകാരിൽ 25 ശതമാനം പൂർണമായും ക്രിമിനലുകളാണ്. ക്രിമിനൽവൽക്കരണം പൊതുമുതൽ അടിച്ചുമാറ്റുന്നു.വിമാനത്താവളം വഴി വരുന്ന സ്വർണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടിൽ കൊലപാതകങ്ങൾ നടക്കുന്നു.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താൻ കള്ളക്കടത്തുകാർക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവർത്തിച്ച് പൊളിറ്റിക്കൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കൽ സെക്രട്ടറി ചോദിച്ചത്.

അത്യാധുനിക സ്കാനിങ് സൗകര്യമുള്ള കരിപ്പൂർ വിമാനത്താവളത്തിൽ ഇത്രയുമധികം സ്വർണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയർപോർട്ടിൽ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്കാനറിനെപ്പറ്റി ഇന്റർനെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വർണം സ്കാനറിൽ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വർണം പൊലീസ് പിടിച്ചത് ?

തുടർന്ന് ഈ അന്വേഷണം സ്വർണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വർണം പിടിച്ചാൽ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ 3 വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി അന്വേഷിച്ചാൽ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐ ജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐ ജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ? അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News