January 15, 2025 10:14 am

എം.എം.ലോറൻസിനെ ഓർമ്മിക്കുമ്പോൾ …

പി.രാജൻ

 

വാർദ്ധക്യത്തിൽ വിശ്രമിക്കുന്ന മാർക്സിസ്റ്റ് നേതാവ് എം.എം.ലോറൻസിനെ എറണാകുളത്തെ വീട്ടിൽ പോയി കാണാൻ പറ്റാത്തതിൽ സങ്കടമുണ്ട്. ഞാൻ അദ്ദേഹത്തെപ്പോയി കാണണമെന്നു ഗുപ്തൻ, ഫേസ് ബുക്കിലെ  മുഖപുസ്തകത്തിലെഴുതിയപ്പോൾ ഒരു കുറ്റബോധം കൂടിയുണ്ടായി.

ഇ.എം.എസിൻ്റെ മരുമകനായ ഗുപ്തനോട് എന്നെപ്പറ്റി ലോറൻസ് ചോദിച്ചുവോയെന്നു വിചാരിച്ചാണ് കുറ്റബോധമുണ്ടായത്. എനിക്ക് പരസഹായമില്ലാതെ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയാണ് ഇപ്പോൾ.

ഞാൻ സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരിക്കെയാണ് ലോറൻസിനെ പരിചയപ്പെട്ടുന്നത്. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസിലും മറ്റും പ്രതിയായിരുന്ന ലോറൻസ് എറണാകുളത്തെ തോട്ടി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത് എനിക്ക് ഓർമ്മയുണ്ട്.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ഇക്കാര്യം വീണ്ടും ഓർമ്മയിൽ കൊണ്ടു വന്നു. കാലം മാറി.തനിക്കു രണ്ട് തൊഴിലാളി യൂണിയന്റെ ചുമതല വേണമെന്ന് പാർട്ടി പ്രവർത്തകർ നേതൃത്വത്തോട് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒരു മാർക്സിസ്റ്റ് ബുദ്ധിജീവി തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്.

യൂണിയൻ പ്റവർത്തനം ത്യാഗമല്ലാത്ത കാലമായിയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.ലോറൻസിനെക്കുറിച്ച് ഓർക്കുമ്പോൾ വേദി പങ്കിടുന്നതിനെക്കുറിച്ച് ഇപ്പോൾ നടക്കുന്ന വിവാദത്തെപ്പറ്റി പറയാതെ വയ്യ. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കക്ഷികളുടെ പ്രതിനിധികളുമായി വേദി പങ്കിടില്ലെന്ന് ചിലർ വീര വാദം മുഴക്കുകയാണ്.

ഇത് ജനാധിപത്യ സമ്പ്രദായത്തിനു തന്നെ നിരക്കുന്നതല്ല. ഒരിക്കൽ ഇ.എം.എസിനെയും കൊണ്ട് ഒരു ടാക്സി കാറിൽ ലോറൻസ് എറണാകുളത്ത് പ്രസ്സ് ക്ലബ്ബിനു സമീപത്തുള്ള റെസ്റ്റ് ഹൗസിൽ എത്തി.ഞാൻ അദ്ദേഹത്തെക്കാണാൻ കാത്ത് നിൽക്കുകയായിരുന്നു.

M. M. Lawrence - Wikipedia

ഇ.എം.എസ്സ് മുറിയിൽ കയറിയപ്പോൾ ലോറൻസ് ആ ടാക്സിക്കാറിൽ തന്നെ പുറത്തേക്ക് പോകാൻ തിരക്ക് കൂട്ടി. എവിടേക്കാണ് ഓടി പ്പോകുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ടാക്സിക്കു വാടക സംഘടിപ്പിച്ചു കൊടുക്കാനാണെന്ന് ലോറൻസ് പറഞ്ഞു.എന്നിട്ടു എന്റെ കയ്യിൽ കാശുണ്ടോയെന്നും ചോദിച്ചു.

ഭാഗ്യത്തിന് എന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നു.അത് മേടിച്ച് ലോറൻസ് ടാക്സി ക്കാരന് കൊടുക്കുകയും ഞങ്ങൾ ഒന്നിച്ചു ഇ എം എസ്സിനെക്കാണാൻ മുറിയിലേക്ക് പോകുകയും ചെയ്തു. ഇ എം എസ്സ് ഇത് അറിഞ്ഞിട്ടു കൂടിയുണ്ടാകില്ല.

അന്നു പാർട്ടിയിൽ നിന്ന് പുറത്താക്കിയവർക്ക് ചായ കൊടുക്കരുതെതെന്ന് സർക്കുലർ ഇറക്കിയ കാലമായിരുന്നില്ല. ഇ.എം.എസ്സ്. ആണെങ്കിൽ ഞാൻ കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നു അണികളെ ഉൽബോധിപ്പിച്ചിട്ടുള്ള ആളുമാണ്.

വേദി പങ്കിടില്ലെന്നു വെക്കുന്നതും വോട്ട് വേണ്ടെന്ന് പറയുന്നതും ജനാധിപത്യ സമ്പ്രദായത്തിനു നിരക്കുന്നതാണെന്നു തോന്നുന്നില്ല. ഞാൻ എറണാകുളം പ്രസ് ക്ലബ്ബിൽ സജീവ പ്രവർത്തകനായിരിക്കെ, ലോറൻസ് ദേശാഭിമാനിയുടെ ലേഖകനായിരുന്നു. ആനിലക്ക് അദ്ദഹം ജർണ്ണലിസ്റ്റ് യൂണിയനിലും ഭവന നിർമാണ സഹകരണ സംഘത്തിലും അംഗവുമായിരുന്നു.


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,

മാതൃഭൂമിയുടെ അസി. എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News