April 23, 2025 12:19 am

ആശുപത്രികളുടെ പേരു മാററില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന വാർത്തകൾ തള്ളി അരോ​ഗ്യവകുപ്പ്.  ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ കൂടി ഉൾപ്പെടുത്തുമെന്ന് ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്ര സർക്കാർ സഹായം ലഭിക്കില്ലെന്ന് വന്നപ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെന്നായിരുന്നു വാര്‍ത്തകൾ.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്തു സംഭവിച്ചാലും സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റില്ലെന്നായിരുന്നു നവകേരള സദസ്സിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രഖ്യാപനം.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നു മാറ്റുന്നതെന്നായിരുന്നു വാര്‍ത്ത. മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണം. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം. ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയതായും വ്യാപക പ്രചാരണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News