January 21, 2025 1:57 pm

കരിമണൽ ഖനന അനുമതി ലഭിക്കാൻ പിണറായി ഇടപെട്ടു ?

തിരുവനന്തപുരം: കരിമണൽ ഖനന രംഗത്തെ സ്വകാര്യ കമ്പനിയായ ആലുവയിലെ സിഎംആർഎല്ലിനു ഖനന അനുമതി ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. നയം മാറ്റാൻ പിണറായി സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടു. കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

ഇതിനായി വ്യവസായ നയത്തിൽ മാറ്റം വരുത്തി.കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം അട്ടിമറിക്കാൻ ശ്രമിച്ചത് പിണറായി സർക്കാരാണ്. മാസപ്പടി കേസിൽ പ്രധാന പ്രതി മുഖ്യമന്ത്രിയാണ്. പ്രതിഫലമായി 2016 മുതൽ 3 വർഷം മകൾ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് പ്രതിമാസം 8 ലക്ഷം രൂപ വന്നതായും അദ്ദേഹം ആരോപിച്ചു.

ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎലിനു ഖനനത്തിനായി കരാർ നൽകിയ ഭൂമി വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കാമായിരുന്നു.ആ അവസരം ഉപയോഗിക്കാതെ കരാർ നൽകാനാകുമോയെന്നാണ് മുഖ്യമന്ത്രി പരിശോധിച്ചത്. ഖനനം സംബന്ധിച്ച സിഎംആർഎൽ ഫയൽ മാത്രം വിളിച്ചു വരുത്തി പരിശോധിച്ചതിലെ താൽപര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം.

കമ്പനിക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പ്രതിഫലമായാണ് മകൾ വീണയ്ക്ക് പ്രതിമാസം 8 ലക്ഷംരൂപ ലഭിച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഖനനത്തിന് സ്വകാര്യ കമ്പനികൾ വേണ്ടെന്ന് 2019ൽ കേന്ദ്രം ഉത്തരവ് ഇറക്കിയില്ലായിരുന്നെങ്കിൽ സിഎംആർഎലിനു ഭൂമി നൽകുമായിരുന്നു. ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാനായി 2016 മുതൽ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകി.

2003–2004ൽ കരിമണൽ ഖനനത്തിനുള്ള 4 കരാർ സിഎംആർഎലിനു ലഭിച്ചിരുന്നു. 1000 കോടിക്ക് മുകളിലുള്ള ഇടപാടാണ് നടന്നത്. 10 ദിവസം കഴിഞ്ഞപ്പോൾ കരാർ നടപടികൾ സർക്കാർ സ്റ്റേ ചെയ്തു. കരാർ തിരിച്ചു പിടിക്കാൻ സിഎംആർഎൽ ശ്രമിച്ചെങ്കിലും എ. കെ ആന്റണി, വിഎസ് അച്ചുതാനന്ദൻ സർക്കാരുകൾ കരാർ നൽകിയില്ല.

ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്ന നിലപാട് അച്ചുതാനന്ദൻ സർക്കാർ എടുത്തു. സുപ്രീംകോടതി ഉത്തരവിലൂടെ, ഭൂമി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ള നിയമപരമായ അവസരവും ലഭിച്ചു. ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കാൻ കഴിയുമായിരുന്നു. ഇതിന്റെ നടപടികൾ നടക്കുമ്പോൾ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി. 2016 മുതൽ മകൾ വീണയ്ക്ക് മാസപ്പടിയും ലഭിച്ചു തുടങ്ങി.തുടർന്ന് ഖനന അനുമതി ലഭിക്കാൻ സിഎംആർഎൽ അപേക്ഷ നൽകി.

കരിമണൽ ഖനനം പൊതുമേഖലയിൽ തന്നെ നിലനിർത്തും എന്നായിരുന്നു 2018ലെ വ്യവസായ നയത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് നിലനിൽക്കുന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടും എന്നു നയത്തിന്റെ മലയാളം കോപ്പിയിൽ പറയുന്നുണ്ട്.ഇത് സിഎംആർഎലിനു വേണ്ടിയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News