December 26, 2024 9:28 pm

തൃശൂരും തിരുവനന്തപൂരത്തും കാസർകോടും നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ നിലവിൽ വന്നു.

തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.ജില്ലാ കളക്ടര്‍മാര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവുകൾ ഇറക്കിയത്.

നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ പാടില്ല.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായസര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍, പോളിംഗ് സ്റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ്ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം പാടില്ല.

പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ, പോളിംഗ് സ്റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള കോര്‍ഡ്ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിംഗ് ദിനത്തില്‍ പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തല്‍, പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കല്‍, ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെയുള്ളവര്‍ പോളിംഗ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യല്‍ എന്നിവയ്ക്ക് നിരോധനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News