January 3, 2025 2:17 am

പടിക്കുപുറത്ത് കടന്ന അൻവർ പുതിയ പാർടി രൂപവൽക്കരിക്കും

തിരുവനന്തപുരം: സി പി എമ്മിന് കോടാലിയായി മാറിയ നിലമ്പൂർ എം എൽ എ: പി വി അൻവർ പുതിയ പാർടി രൂപവൽക്കരിക്കാൻ ആലോചന തുടങ്ങി. ഇതിനിടെ അൻവറിന് പാർട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത് അണികൾക്ക് കൃത്യമായ സൂചനയായി.

ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തിനു പിന്നാലെ മലപ്പുറത്ത് അൻവറിനെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കയ്യും കാലും കൊത്തിയരിഞ്ഞ് ചാലിയാറിൽ ഒഴുക്കുമെന്ന് വരെ പ്രകടനക്കാർ മുന്നറിയിപ്പ് നൽകി.

അംഗം പോലുമല്ലാത്ത അൻവറിനെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്ന ഗോവിന്ദൻ്റെ ചോദ്യം അദ്ദേഹത്തിൻ്റെ നിസ്സാഹായാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു.പാർട്ടിക്ക് അൻവറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നും ഇന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൻവറിന്റെ പരാതിയില്‍ ശരിയായ നടപടി സ്വീകരിച്ച്‌ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ പാർട്ടിക്കും സർക്കാരിനുമെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഏറ്റുപിടിച്ച്‌ മുന്നോട്ടുപോകുകയാണ് അൻവർ എന്ന പതിവ് ന്യായങ്ങൾ നിരത്താനും അദ്ദേഹം മറന്നില്ല. തെറ്റുതിരുത്തി കൂടെ നിർത്തുന്നതിന് പാർട്ടി സ്വീകരിച്ച സമീപനത്തെ അംഗീകരിക്കുന്നില്ല എന്നാണ് ഇതിൻറെ അർഥം എന്നും അദ്ദേഹം വിശദീകരിക്കുന്നു.

തെറ്റുതിരുത്തി മുന്നോട്ടുപോകാൻ തയ്യാറാകാതെ സ്വതന്ത്രനായി നിയമസഭയില്‍ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാർട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാർലമെന്ററി പാർട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് അൻവർ സ്വീകരിച്ചത്. ഇതോടെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

എന്നാൽ മറിച്ചൊരു നിലപാടാണ് അൻവർ സ്വീകരിക്കുന്നത്. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അതിന് വേണ്ടി ശ്രമിക്കുന്നത് പൊലീസ് ആണെന്നും അൻവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന ഗോവിന്ദൻ്റെ പ്രസ്താവനയോടും അൻവർ പ്രതികരിച്ച. സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടി ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ അത് നടക്കാറില്ല. ഗോവിന്ദന് അങ്ങനെ പറയാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നു.

യഥാർത്ഥ സഖാക്കള്‍ക്ക് കാര്യം ബോദ്ധ്യമായിട്ടുണ്ട്. ജനങ്ങളുടെ വിഷയത്തില്‍ തീപ്പന്തമായി കത്തും.പുതിയ സംഘടന രൂപീകരിക്കാനുള്ള ആലോചനയുണ്ട്. ജനങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ പുതിയ പാർട്ടി രൂപീകരിക്കും’- അൻവർ വ്യക്തമാക്കി.

അതേസമയം, ഇത്രയും കടുത്തൊരു പ്രഹരം മുഖ്യമന്ത്രിയും സി.പി.എമ്മും സമീപ കാലത്തൊന്നും നേരിട്ടിട്ടില്ല. പത്രസമ്മേളനത്തില്‍ അൻവർ വിളിച്ചുപറഞ്ഞതിനെ പ്രതിരോധിക്കാൻ പാർട്ടി ഏറെ പണിപ്പെടേണ്ടി വരുകയാണ്.

ആരോപണങ്ങളുടെ വിശ്വാസ്യത എന്തുതന്നെയായാലും പൊതുസമൂഹത്തില്‍ അത് ഒരുപാട് ചോദ്യങ്ങള്‍ ഉയർത്തുമെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രിയേയും,ആഭ്യന്തര വകുപ്പിനെയും എണ്ണിയെണ്ണി പറഞ്ഞ് അൻവർ ആക്രമിച്ചപ്പോള്‍ ആദ്യം അമ്പരന്നു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു പാർട്ടി നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News