April 22, 2025 2:04 pm

‘മുഖ്യമന്ത്ര യുടെ പോല സ് മെഡൻ’ ! മടക്കി വാങ്ങി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്‍ വന്ന ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ആഭ്യന്തര വകുപ്പിന് നാണക്കേടായി.

തിരുവനന്തപുരം എസ്‌എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്.

ഭാഷാദിനം കൂടിയായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത  മെഡലുകളാണ് പോലീസ് വകുപ്പിൻ്റെ പിടിപ്പുകേടിൻ്റെ പര്യായമായിമാറിയത്.

മുഖ്യമന്ത്രിയില്‍ നിന്ന് അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പൊലീസുകാര്‍ പിന്നീട് നോക്കിയപ്പോള്‍ മാത്രമാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്ര യുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോല സ് മെഡന്‍’ എന്നും എഴുതിയിരിക്കുന്നു.

ജേതാക്കളായ പൊലീസുകാര്‍ വിവരം ഉടന്‍ മേലധികാരികളെ ധരിപ്പിച്ചു. അതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി ഈ വിഷയത്തില്‍ ഇടപെട്ടു. എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിർദേശം നല്‍കി. കൂടാതെ,അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിർദേശിച്ചിട്ടുണ്ട്.

വിതരണം ചെയ്യുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലുകള്‍ പരിശോധിച്ചില്ല. മെഡല്‍ സമ്മാനിക്കാനായി മുഖ്യമന്ത്രിക്ക് നല്‍കുന്നത് സംസ്ഥാന പോലീസ് മേധാവിയാണ്. അപ്പോഴും അക്ഷരത്തെറ്റ് ശ്രദ്ധിച്ചില്ല.

തിരുവനന്തപുരത്തുള്ള ഭഗവതി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് മെഡലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ക്വട്ടേഷന്‍ സ്വീകരിച്ചത്. അവര്‍ക്ക് സംഭവിച്ച ഗുരുതര പിഴവാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.മെഡലുകള്‍ പിന്‍വലിച്ച് പുതിയ മെഡലുകൾ ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യും.

ഓഗസ്റ്റ് 15നാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ 1 ന് മെഡലുകള്‍ വിതരണം ചെയ്യുമെന്ന് പൊലീസ് ആസ്ഥാനത്ത് അറിയാമായിരുന്നു.

എന്നാല്‍ ഒക്ടോബര്‍ അവസാനമാണ് ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളത്.  സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഈ വിഷയം ഗൗരവത്തിലെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News