February 3, 2025 2:33 pm

പാതിരാ പരിശോധന: വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ

പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കലക്ടറോടാണ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി, സി പി എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയില്‍ പറയുന്നു.

അർധരാത്രിയില്‍ വന്ന ഉദ്യോഗസ്ഥർ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുൻ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. നിയമം അനുശാസിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. ഇത് നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധനയില്‍ പുലർച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്തെത്തിയത്.

വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് എഡിഎം വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News