February 5, 2025 3:24 pm

രാഹുൽ ഈശ്വറിന് എതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്ന സിനിമ നടി ഹണി റോസിന്റെ പരാതിയിൽ സാമൂഹിക നിരീക്ഷകനായ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഹണി റോസിന് കോടതി വഴി പരാതി നൽകാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരി​ഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക.

എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി.

അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. വെള്ളിയാഴ്ച സംസ്ഥാന യുവജന കമ്മീഷൻ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. ദിശ എന്ന സംഘടന നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News